ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കുന്നു: ബംഗ്ലാദേശില്‍ ഇന്ത്യ കളിക്കും
ധാക്ക: ട്വന്റി-20 ലോകകപ്പ് ബഹിഷ്‌കരണ വിവാദങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡുമായി സഹകരിക്കാന്‍ ബംഗ്ലാദേശ്. ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളുമായി പരമ്പര കളിക്കാനും ബിസിസിഐയുമായും യോജിച്ച് മുന്നോട്ടുപോകാനുമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളുമായി നിരന്തരം ആശയവിനിമയം നടത്തുമെന്ന് ബിസിബി ഡയറക്ടര്‍ നസ്മുള്‍ അബെദിന്‍ ഫഹിം പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായി കൊമ്പുകോര്‍ക്കാനില്ലെന്ന് നേരത്തേ തന്നെ ബംഗ്ലാദേശ് വ്യക്തമാക്കിയിരുന്നു. താരിഖ് റഹ്‌മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) രാജ്യത്ത് അധികാരമേറ്റതിന് പിന്നാലെയാണ് ക്രിക്കറ്റില്‍ ഇന്ത്യയുമായുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമം ആരംഭിച്ചത്. അതിന് പിന്നാലെയാണ് പരമ്പരയുമായി മുന്നോട്ടുപോകാന്‍ ബിസിബി തീരുമാനിച്ചിരിക്കുന്നത്. വിഷയത്തില്‍ ബിസിസിഐക്ക് കത്തെഴുതിയിട്ടുണ്ട്. സെപ്റ്റംബറില്‍ പരമ്പര കളിക്കാനായി ഇന്ത്യന്‍ ടീം ബംഗ്ലാദേശിലേക്ക് വരും. ശേഷം ബംഗ്ലാദേശ് വനിതാ ടീം ഇന്ത്യയിലേക്ക് പോകും. ഇക്കാര്യം ബിസിസിഐക്ക് എഴുതിയ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
കായിക രംഗത്തെ പ്രശ്‌നങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ആഗ്രഹിക്കുന്നതായി ബംഗ്ലാദേശ് കായിക മന്ത്രി അമിനുള്‍ ഹഖ് വ്യക്തമാക്കിയിരുന്നു. നയതന്ത്രപരമായ സങ്കീര്‍ണ്ണതകള്‍ കാരണം ലോകകപ്പില്‍ കളിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ആ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്ത് പരിഹരിച്ചിരുന്നെങ്കില്‍, ഞങ്ങളുടെ ടീമിന് പങ്കെടുക്കാന്‍ കഴിഞ്ഞേനെയെന്നുമാണ് നേരത്തേ അദ്ദേഹം പ്രതികരിച്ചത്. അതിന് തുടര്‍ച്ചയായാണ് ബിസിസിഐക്ക് കത്തെഴുതിയത്.
നേരത്തേ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനെ ടീമില്‍നിന്ന് ഒഴിവാക്കിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നത്.
