ഇന്ത്യാ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം; പ്രശ്‌നപരിഹാരത്തിന് ബംഗ്ലാദേശ്; വ്യക്തമാക്കി പുതിയ കായികമന്ത്രി
ധാക്ക: താരിഖ് റഹ്‌മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) രാജ്യത്ത് അധികാരമേറ്റതിന് പിന്നാലെ ക്രിക്കറ്റില്‍ ഇന്ത്യയുമായുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമം. കായിക രംഗത്തെ പ്രശ്‌നങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ആഗ്രഹിക്കുന്നതായി പുതുതായി സത്യപ്രതിജ്ഞ ചെയ്ത കായിക മന്ത്രി അമിനുള്‍ ഹഖ് വ്യക്തമാക്കി. ബിസിസിഐയുമായി ഇനി കൊമ്പുകോര്‍ക്കാനില്ലെന്ന് അടിവരയിടുന്നതാണ് പുതിയ കായികമന്ത്രിയുടെ പ്രസ്താവന. ഈ വര്‍ഷം സെപ്തംബറില്‍ നിശ്ചയിച്ച ഇന്ത്യ-ബംഗ്ലാദേശ് പരമ്പര തീരുമാനിച്ചതുപോലെ നടന്നേക്കും.
'അധികാരമേറ്റയുടന്‍ ഞാന്‍ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ സന്ദര്‍ശിച്ചു. സൗഹൃദ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താനും കായിക രംഗത്തെ പ്രശ്‌നങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റില്‍, ഐസിസി നിയമങ്ങള്‍ക്ക് അനുസൃതമായി ചര്‍ച്ചകളിലൂടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. - ഡെയ്ലി സ്റ്റാര്‍ അമിനുള്‍ ഹഖിനെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തു.
'നയതന്ത്രപരമായ സങ്കീര്‍ണ്ണതകള്‍ കാരണം ലോകകപ്പില്‍ കളിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ആ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്ത് പരിഹരിച്ചിരുന്നെങ്കില്‍, ഞങ്ങളുടെ ടീമിന് പങ്കെടുക്കാന്‍ കഴിഞ്ഞേനെ. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തിരഞ്ഞെടുപ്പിനെ താന്‍ മുമ്പ് തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ശരിയായ ദിശയില്‍ മുന്നോട്ട് പോകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആവശ്യമായ നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കും. - അമിനുള്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനെ ടീമില്‍നിന്ന് ഒഴിവാക്കിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
