ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കും: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍

Update: 2025-02-21 06:47 GMT

കൊച്ചി: മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ തോന്നുംപടി ഓട്ടോ ചാര്‍ജ് വാങ്ങുന്നവര്‍ക്ക് ഇനി പണികിട്ടും. ടാക്‌സി ആയി ഓടുന്ന ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇനി മുതല്‍ സൗജന്യ യാത്രയായി കണക്കാക്കും. ഇത് സംബന്ധിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. മാര്‍ച്ച് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിത ചാര്‍ജജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവര്‍മാരുമായി പതിവായി സംഘര്‍ഷത്തിന് ഇടയാക്കുന്നുണ്ടെന്നത് പരി?ഗണിച്ചാണ് തീരുമാനം. കൊച്ചി സ്വദേശി കെ.പി മാത്യൂസ് ഫ്രാന്‍സിസ് മോട്ടോര്‍ വാഹന വകുപ്പിന് സമര്‍പ്പിച്ച നിര്‍ദ്ദേശമാണ് മാര്‍ച്ച് ഒന്നു മുതല്‍ പ്രാവര്‍ത്തികമാക്കുന്നത്.

ദുബായില്‍ ഓട്ടോറിക്ഷകളില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്താല്‍ യാത്രാസൗജന്യം എന്ന സ്റ്റിക്കര്‍ യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് റോഡ്സുരക്ഷാ നിയമങ്ങളില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേ നിര്‍ദ്ദേശമാണ് കേരളത്തിലും നടപ്പാക്കുന്നത്. ഇനി മുതല്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഓട്ടോകളിലും ''യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ യാത്ര സൗജന്യം'' എന്ന് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത് സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിന് പിറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണം. അല്ലെങ്കില്‍ വെള്ള അക്ഷരത്തില്‍ വായിക്കാന്‍ കഴിയുന്ന വലുപ്പത്തില്‍ എഴുതി വെയ്ക്കണമെന്നാണ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദ്ദേശം.

സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ യോഗത്തില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയുമായിരുന്നു. സ്റ്റിക്കര്‍ പതിച്ചില്ലെങ്കില്‍ മാര്‍ച്ച് ഒന്നുമുതല്‍ തുടര്‍ന്നുള്ള ഫിറ്റ്നസ് സിര്‍ട്ടിഫിക്കറ്റ് ടെസ്റ്റില്‍ വാഹനങ്ങള്‍ അയോഗ്യമാക്കപ്പെടും. ഫിറ്റ്‌നസ് കിട്ടാതെ സര്‍വീസ് നടത്തിയാല്‍ ഡ്രൈവര്‍മാരില്‍ നിന്ന് വലിയ പിഴ ഉള്‍പ്പെടെ ഈടാക്കാനും തീരുമാനമായി. നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നത് എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ ഉറപ്പു വരുത്തണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജുചകിലം അറിയിച്ചു.