സഞ്ജുവിനെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ലോകകപ്പ് കയ്യീന്ന് പോയേനെ: റിക്കി പോണ്ടിങ്
മുംബൈ: 2026 ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ടപ്പോള്‍, ആ വിജയത്തിന് കാരണമായത് സഞ്ജു സാംസണെ ഓപ്പണിങ് സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നതാണെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ സഞ്ജുവിനെ വിശ്വസിച്ച് വലിയൊരു ഉത്തരവാദിത്തം ഏല്‍പ്പിച്ച ഇന്ത്യന്‍ ടീം മാനേജ്മെന്റിനെ പോണ്ടിങ് അഭിനന്ദിക്കുകയും ചെയ്യും. ഐസിസി റിവ്യൂ ഷോയില്‍ സഞ്ജന ഗണേശനോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'സഞ്ജുവിനെ ടോപ്പ് ഓര്‍ഡറില്‍ നിലനിര്‍ത്താനുള്ള തീരുമാനം വളരെ വലുതായിരുന്നു. അവസാനം അത് വലിയ വിജയമായി മാറുകയും ചെയ്തു. കോച്ചിന്റെയും ക്യാപ്റ്റന്റെയും പിന്തുണ ലഭിച്ചാല്‍ പിന്നെ ഒരു കളിക്കാരനും മറ്റൊന്നും വേണ്ട. സഞ്ജുവിനെപ്പോലെ നിലവാരമുള്ള ഒരു താരത്തിന് ആത്മവിശ്വാസം പകര്‍ന്നു നല്‍കിയാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് ഈ ലോകകപ്പ് തെളിയിച്ചു.' പോണ്ടിങ് പറഞ്ഞു.
ലോകകപ്പിന് തൊട്ടുമുന്‍പ് ന്യൂസിലന്‍ഡിനെതിരെ നടന്ന പരമ്പരയിലെ മോശം പ്രകടനം കാരണം അമേരിക്കയ്‌ക്കെതിരായ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ സഞ്ജുവിനെ പുറത്തിരുത്തിയിരുന്നു. അഭിഷേക് ശര്‍മയ്ക്ക് അസുഖം ബാധിച്ചപ്പോള്‍ മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ നമീബിയക്കെതിരെ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ ഫോം കണ്ടെത്താന്‍ അഭിഷേക് ശര്‍മ പാടുപ്പെട്ടതോടെ, സിംബാബ്വെക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ സഞ്ജുവിനെ ഓപ്പണറായി ടീം തിരികെ വിളിച്ചു.
സിംബാബ്വെക്കെതിരെ 15 പന്തില്‍ 24 റണ്‍സുമായി തുടങ്ങിയ സഞ്ജുവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേ ഇല്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ജീവന്‍മരണ പോരാട്ടത്തില്‍ പുറത്താകാതെ 97* റണ്‍സ് സ്വന്തമാക്കിയ സഞ്ജു, സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെതിരെ 89 റണ്‍സും അടിച്ചുകൂട്ടി ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചു.
