ട്വന്റി-20 ലോകകപ്പ്; ഇന്ത്യയുമായുള്ള മല്‍സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം; പാകിസ്താന് മുന്നറിയിപ്പുമായി ഐസിസി
ദുബായ്: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരായ മല്‍സരം കളിക്കില്ലെന്ന പാകിസ്താന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ഐസിസി. തീരുമാനത്തില്‍ പ്രത്യാഘാതം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കി.
ലോകകപ്പില്‍നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്താന്‍ ഇന്ത്യയുമായുള്ള ഗ്രൂപ്പ് ഘട്ട മല്‍സരം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്. ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ - പാകിസ്താന്‍ ഗ്രൂപ്പ് മല്‍സരം. പാകിസ്താന്‍ സര്‍ക്കാരാണ് ഇന്ത്യയുമായുള്ള മല്‍സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനമെടുത്തത്.
ഇത്തരത്തിലൊരു തീരുമാനവുമായി പൊരുത്തപ്പെടാന്‍ പ്രയാസമാണെന്ന് ഐസിസി അറിയിച്ചു. തീരുമാനം സംബന്ധിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഐസിസി വ്യക്തമാക്കി. 'നയപരമായ കാര്യങ്ങളില്‍ സര്‍ക്കാരുകളുടെ പങ്കിനെ ഐസിസി ബഹുമാനിക്കുമ്പോള്‍, ഈ തീരുമാനം ലോകമെമ്പാടുമുള്ള കായിക വിനോദത്തിനും പാകിസ്താനിലെ ലക്ഷക്കണക്കിന് ആരാധകര്‍ ഉള്‍പ്പെടെയുള്ളവരുടെ ക്ഷേമത്തിനും ഹാനികരമാണ്', ഐസിസി പ്രസ്താവനയില്‍ അറിയിച്ചു.
ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ പിസിബി പരിഗണിക്കുമെന്ന് ഐസിസി പ്രത്യാശിക്കുന്നു. ലോകകപ്പ് വിജയകരമായി നടപ്പാക്കുക എന്നതാണ് ഐസിസിയുടെ മുന്‍ഗണന, ഇത് പിസിബി ഉള്‍പ്പെടെയുള്ള എല്ലാ അംഗങ്ങളുടെയും ഉത്തരവാദിത്വമായിരിക്കണം. എല്ലാ പങ്കാളികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന, പരസ്പരം അംഗീകരിക്കാവുന്ന ഒരു പരിഹാരം കണ്ടെത്താന്‍ പിസിബി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐസിസി പ്രസ്താവനയില്‍ അറിയിച്ചു.
