ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കണമെന്ന് ഐസിസി; ലോകകപ്പ് വേദിയും മാറ്റില്ല, മല്‍സരവും മാറ്റില്ല
ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പിലെ വേദികള്‍ ഇന്ത്യയില്‍ നിന്നും മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അപേക്ഷ തള്ളി ഐ സി സി. ബംഗ്ലാദേശ് ആശങ്കപ്പെടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഇല്ലെന്നും, ടീം അംഗങ്ങള്‍ക്കും ആരാധകര്‍ക്കും സുരക്ഷിതമായി ലോകകപ്പിന്റെ ഭാഗമാവാമെന്നും വ്യക്തമാക്കികൊണ്ടാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) തള്ളിയത്.
ബംഗ്ലാദേശ് ബൗളര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഐ പി എല്‍ ടീമില്‍ നിന്നും ഒഴിവാക്കിയതിനു പിന്നാലെയായിരുന്നു ബി സി ബി ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഐ സി സിക്ക് കത്തയച്ചത്. തുടര്‍ന്ന്, കഴിഞ്ഞ ദിവസം ബി സി ബി പ്രതിനിധികളുമായി ഐ സി സി വിഷയം ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ ബംഗ്ലാദേശിന് കളിക്കുന്നതില്‍ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലെന്ന നിലപാട് ഐ സി സി അറിയിച്ചു. ലോകകപ്പിന് ഒരു മാസം മാത്രം ശേഷിക്കെ, അടിയന്തരമായി വേദികള്‍ മാറ്റേണ്ട സാഹചര്യങ്ങളില്ലെന്നും വ്യക്തമാക്കി.
ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ഫെബ്രുവരി ഏഴിനാണ് തുടക്കം കുറിക്കുന്നത്. നാല് മത്സരങ്ങളാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കുന്നത്. മൂന്ന് എണ്ണം കൊല്‍ക്കത്തയിലും ഒരു മത്സരം മുംബൈയിലുമാണ് നടക്കുക.ഫെബ്രുവരി ഏഴിന് കൊല്‍ക്കത്തയില്‍ വിന്‍ഡീസിനെതിരെയാണ് ആദ്യ മത്സരം. ഒമ്പതിന് ഇറ്റലിയെയും, 14ന് ഇംഗ്ലണ്ടിനെയും ഇവിടെ നേരിടും. 17ന് നേപ്പാളിനെതിരെ മുംബൈയിലാണ് നാലാം മാച്ച്.