ട്വന്റി-20 ലോകകപ്പിലെ വേദി മാറ്റം; ഐസിസി സംഘത്തിലെ ഇന്ത്യക്കാരന് വിസ നിഷേധിച്ച് ബംഗ്ലാദേശ്

Update: 2026-01-17 08:29 GMT

ഹരാരെ: ട്വന്റി-20 ലോകകപ്പിലെ വേദി മാറ്റം സംബന്ധിച്ച വിഷയത്തില്‍ വീണ്ടും വിവാദം. പ്രശ്‌നപരിഹാരത്തിനായി ബംഗ്ലാദേശിലേക്ക് പോകാനൊരുങ്ങിയ ഐസിസി ഉദ്യോഗസ്ഥന്റെ വിസ നിഷേധിച്ചു. ഇന്ത്യക്കാരനായ ഉദ്യോഗസ്ഥന്റെ വിസ നിഷേധിച്ചതായാണ് പുറത്തുവരുന്ന വിവരം. വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണിത്.

ട്വന്റി-20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന നിലപാട് തുടരുന്ന പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചര്‍ച്ചയ്ക്കൊരുങ്ങിയത്. ഇതിന്റെ ഭാഗമായാണ് രണ്ടംഗ സംഘത്തെ ബംഗ്ലാദേശിലേക്ക് അയക്കാന്‍ ഐസിസി തീരുമാനിച്ചത്. ബംഗ്ലാദേശില്‍ നിന്ന് ബിസിബി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ലോകകപ്പിലെ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരുത്തുകയുമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഒരു ഉദ്യോഗസ്ഥന് മാത്രമാണ് വിസ അനുവദിച്ചത്.

ഐസിസിയിലെ ആന്റി കറപ്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി തലവനായ ആന്‍ഡ്രൂ എഫ്‌ഗ്രേവാണ് ബംഗ്ലാദേശിലേക്ക് പോയത്. ജനുവരി 17-ന് ഇദ്ദേഹം തനിച്ച് ബംഗ്ലാദേശിലേക്ക് പോയതായി റിപോര്‍ട്ട് ചെയ്യപ്പെടുന്നു. എന്നാല്‍ ഇന്ത്യക്കാരനായ മറ്റൊരു ഒഫീഷ്യലിന് സമയബന്ധിതമായി വിസ ലഭിച്ചില്ല. അതോടെ അദ്ദേഹം മടങ്ങി. അനിശ്ചിതത്വം തുടരുന്ന സന്ദര്‍ഭത്തില്‍ പ്രശ്നപരിഹാരത്തിനായാണ് ഐസിസി സംഘത്തെ നിയോഗിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഐസിസിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

അടുത്തിടെ ബിസിബിയും ഐസിസിയും വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സിലും പ്രശ്‌നപരിഹാരമുണ്ടായില്ല. അനിശ്ചിതത്വം തുടരുന്ന സന്ദര്‍ഭത്തില്‍ പ്രശ്നപരിഹാരം ഉടനുണ്ടാകണമെന്നാണ് ബോര്‍ഡിന്റെയും ഐസിസിയുടെയും നിലപാട്. ലോകകപ്പില്‍ തങ്ങളുടെ വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ ഐസിസിക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് കത്തയച്ചിരുന്നു. എന്നാല്‍ ആവശ്യം ഐസിസി തള്ളി. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ടീമിന്റെ പൂര്‍ണവും തടസ്സമില്ലാത്തതുമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഐസിസി ആവര്‍ത്തിച്ചെന്നാണ് നേരത്തേ പ്രസ്താവനയില്‍ ബിസിബി അറിയിച്ചിരുന്നത്.