ഐസിസി ട്വന്റി-20 റാങ്കിങ്; സഞ്ജു സാംസണ്‍ 40ാം റാങ്കില്‍

Update: 2026-03-05 06:45 GMT

മുംബൈ: ട്വന്റി-20 ലോകകപ്പില്‍ വിന്‍ഡീസിനെതിരേ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തില്‍ റാങ്കിങ്ങില്‍ കുതിച്ചുകയറി മലയാളി താരം സഞ്ജു സാംസണ്‍. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി-20 ബാറ്റിങ് റാങ്കിങ്ങില്‍ 25 സ്ഥാനമാണ് സഞ്ജു മെച്ചപ്പെടുത്തിയത്. 40-ാം റാങ്കിലേക്കാണ് എത്തിയത്. വിന്‍ഡീസിനെതിരേ 97 റണ്‍സുമായി താരം പുറത്താകാതെ നിന്നിരുന്നു.

ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഒന്നാമത്. 874 പോയന്റാണുള്ളത്. പാകിസ്താന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍ 848 പോയന്റുമായി രണ്ടാമതുണ്ട്. ഇഷാന്‍ കിഷന്‍ നാലാമതും തിലക് വര്‍മ ആറാമതുമെത്തി. സൂ ര്യകുമാര്‍ യാദവ് ഒരു സ്ഥാനം താഴോട്ടിറങ്ങി ഏഴാംസ്ഥാനത്താണ്. ബൗളിങ്ങില്‍ ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഒന്നാം റാങ്കില്‍ തുടരുന്നു.

വ്യാഴാഴ്ച ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഫോം ഔട്ടായതിനാല്‍ ആദ്യ മല്‍സരങ്ങളില്‍ ഇലവനില്‍ ഇടംകിട്ടാതിരുന്ന സഞ്ജു സെമി ഫൈനലാകുമ്പോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുന്നു. സൂപ്പര്‍ എട്ടിലെ നിര്‍ണായക മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെനിന്ന സഞ്ജുവില്‍നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നു.





Tags: