ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐസിസി തള്ളി; മല്‍സരങ്ങള്‍ ഇന്ത്യയില്‍ തന്നെ, വേദി മാറ്റാനാകില്ല
ധാക്ക: ട്വന്റി- 20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നും മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ( ഐസിസി ) തള്ളി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്, ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങള്‍ ഇന്ത്യയിലെ വേദികളില്‍ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്. വിര്‍ച്വലായി ചേര്‍ന്ന യോഗത്തിലാണ് ഐസിസി ബംഗ്ലാ ബോര്‍ഡിനെ ഇക്കാര്യം അറിയിച്ചത്.
ട്വന്റി- 20 ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ബംഗ്ലാദേശിന്റെ പുരുഷ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നും അല്ലെങ്കില്‍ പോയിന്റുകള്‍ നഷ്ടപ്പെടുമെന്നും ഐസിസി ബിസിബിയെ അറിയിച്ചിട്ടുണ്ട്. 2026 ലെ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിസിബി ഞായറാഴ്ചയാണ് ഐസിസിക്ക് കത്തു നല്‍കിയത്. ഐസിസി തീരുമാനത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചിട്ടില്ല.
ട്വന്റി- 20ലോകകപ്പില്‍ ഫെബ്രുവരി 7 ന് വെസ്റ്റിന്‍ഡീനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യമത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് കളി. ഫെബ്രുവരി 9 ന് ഇറ്റലിയെയും, തുടര്‍ന്ന് ലോകചാംപ്യന്മാരായ ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നേരിടും. അതിനുശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നേപ്പാളിനെതിരെയും ബംഗ്ലാദേശിന് മത്സരമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബിസിബി ആവശ്യപ്പെട്ടിരുന്നത്.
ഐപിഎല്ലില്‍ നിന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമംഗമായ ബംഗ്ലാദേശ് താരം മുസഫിസുര്‍ റഹ്‌മാനെ ഒഴിവാക്കിയതോടെയാണ്, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായത്. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരവധി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നിരുന്നു. സംഘപരിവാര്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്‍ ടീമില്‍ നിന്നും ഒഴിവാക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെടുകയായിരുന്നു.
