ഐസിസി ഏകദിന റാങ്കിങ്; അഫ്ഗാന്‍ താരങ്ങള്‍ക്ക് വന്‍ മുന്നേറ്റം, റാഷിദ് ഒന്നാമത്, സദ്രാന്‍ രണ്ടാമത്; കോഹ് ലിയും രോഹിത്തും പിന്നോട്ട്
ദുബായ്: ഐസിസി ക്രിക്കറ്റ് റാങ്കിങ്ങില്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് നേട്ടം. ഏകദിനത്തില്‍ റാഷിദ് ഖാന്‍ ഒന്നാം നമ്പര്‍ ബൗളറായപ്പോള്‍ ബാറ്റര്‍മാരില്‍ ഇബ്രാഹിം സദ്രാന്‍ രണ്ടാം സ്ഥാനത്തെത്തി. ബംഗ്ലദേശിനെതിരായ പരമ്പര ജയത്തിന് പിന്നാലെയാണ് അഫ്ഗാന് ഇരട്ടിമധുരവുമായി ഐസിസി റാങ്കിങ് പുറത്തിറങ്ങിയത്. പരമ്പരയില്‍ ആകെ 11 വിക്കറ്റ് നേടിയ സ്പിന്നര്‍ റാഷിദ് ഖാനാണ് ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബോളര്‍. രണ്ടാം സ്ഥാനത്തുള്ള കേശവ് മഹാരാജിനേക്കാള്‍ 30 റേറ്റിങ് പോയിന്റ് മുന്നിലാണ് റാഷിദ് ഖാന്‍.
ഏകദിന ബാറ്റര്‍മാരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ഒന്നാമത്. പിന്നില്‍ സദ്രാന്‍. എട്ട് സ്ഥാനങ്ങള്‍ മുന്നേറിയാണ് സദ്രാന്‍ രണ്ടാമെത്തിയത്. ഏകദിന ബാറ്റര്‍മാരുടെ റാങ്കില്‍ ഒരു അഫ്ഗാന്‍ താരത്തിന്റെ ഏറ്റവും മികച്ച നേട്ടമാണിത്. ഗില്ലിന് 20 പോയിന്റ് മാത്രം പിറകിലാണ് സദ്രാന്‍. അഫ്ഗാന്‍ താരത്തിന്റെ വരവോട് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാക് താരം ബാബര്‍ അസം നാലാമതായി. വിരാട് കോഹ് ലി അഞ്ചാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഒമ്പതാം സ്ഥാനത്തുള്ള ശ്രേയസ് അയ്യരാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ഡാരില്‍ മിച്ചല്‍ (ന്യൂസിലന്‍ഡ്) ചരിത് അസലങ്ക (ശ്രീലങ്ക), ഹാരി ടെക്റ്റര്‍ (അയര്‍ലന്‍ഡ്) എന്നിവര്‍ ആറ് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളില്‍. വെസ്റ്റ് ഇന്‍ഡീസിന്റെ ഷായ് ഹോപ്പ് 10-ാം സ്ഥാനത്ത്.
അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് റാഷിദ് ഏകദിന ബൗളര്‍മാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. കുല്‍ദീപ് യാദവ് (5), രവീന്ദ്ര ജഡേജ (10) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ട്വന്റി-20 ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ താരം വരുണ്‍ ചക്രവര്‍ത്തി ഒന്നാം സ്ഥാനത്ത് തുടരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ അകെയ്ല്‍ ഹുസൈന്‍ രണ്ടാം സ്ഥാനത്ത്. റാഷിദ് മൂന്നാം സ്ഥാനത്തുണ്ട്.
ടെസ്റ്റ് ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് കരിയറിലെ മികച്ച റാങ്കായ 14ലെത്തി. ജസ്പ്രിത് ബുമ്ര ഒന്നാം സ്ഥാനത്ത് തുടരുന്നു. ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങില്‍ യുവതാരം യശ്വസി ജയ്സ്വാള്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തി.
