'ഐസിസി ഇന്ത്യയുടെ ബന്ദി, പകരം പുതിയൊരു ക്രിക്കറ്റ് സംഘടന വേണം'; പാകിസ്താന്‍ പ്രതിരോധ മന്ത്രി

Update: 2026-02-03 06:04 GMT

ഇസ് ലാമാബാദ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മല്‍സരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ(ഐസിസി) രൂക്ഷവിമര്‍ശനവുമായി പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐസിസി പൂര്‍ണ്ണമായും ഇന്ത്യയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയെന്നും, ഐസിസിയെ വിശ്വസിക്കാന്‍ കഴിയില്ലെന്നും ഖ്വാജ ആസിഫ് ആരോപിച്ചു. എക്സിലൂടെ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഐസിസിക്കെതിരെ ആഞ്ഞടിച്ചത്.

ഐസിസി ഇപ്പോള്‍ ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ ബന്ദിയായി മാറിയിരിക്കുകയാണ്. ക്രിക്കറ്റ് എന്ന മാന്യന്‍മാരുടെ കളിയുടെ അന്തസ്സ് നിലനിര്‍ത്താന്‍ ഐസിസിക്ക് പകരം പുതിയൊരു ആഗോള സംഘടന അനിവാര്യമാണ്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കി പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടി പക്ഷപാതപരമാണെന്നും ഖ്വാജ ആസിഫ് ആരോപിച്ചു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കളിക്കാന്‍ ബംഗ്ലാദേശ് വിസമ്മതിച്ചിരുന്നു. മല്‍സരങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളുകയും അവരെ ടൂര്‍ണമെന്റില്‍ നിന്ന് നീക്കം ചെയ്ത് പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചും ബംഗ്ലാദേശിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമായാണ് പാകിസ്താന്‍ ട്വന്റി-20 ലോകകപ്പില്‍ 15 ന് കൊളംബോയില്‍ നടക്കേണ്ട ഇന്ത്യയുമായുള്ള മല്‍സരം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ പാകിസ്താന്റെ 'ഭാഗികമായ ബഹിഷ്‌കരണം' അംഗീകരിക്കാനാവില്ലെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ കളിച്ചില്ലെങ്കില്‍ അത് പാക് ക്രിക്കറ്റിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി ബാധിക്കുമെന്നും കടുത്ത അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്നും ഐസിസി പിസിബിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.





Tags: