ദുബായ്: ട്വന്റി-20 ലോകകപ്പ് ഫൈനലിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്ങിന് ഐസിസി പിഴ ശിക്ഷ വിധിച്ചു. മാച്ച് ഫീസിന്റെ 15 ശതമാനം പിഴയായി അടക്കണം. പിഴയ്ക്കു പുറമെ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിന് മേല്‍ ചുമത്തിയാതായി ഐസിസി അറിയിച്ചു.
ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 ലംഘനമായ ആര്‍ട്ടിക്കിള്‍ 2.9 പ്രകാരമാണ് നടപടി. അന്താരാഷ്ട്ര മത്സരത്തിനിടെ ഒരു കളിക്കാരന് നേരെയോ അല്ലെങ്കില്‍ താരത്തിന് സമീപത്തേക്കോ അപകടകരമായ രീതിയില്‍ പന്തോ അല്ലെങ്കില്‍ ക്രിക്കറ്റ് ഉപകരണങ്ങളോ എറിയുന്നത് നിയമലംഘനമായി കണക്കാക്കും എന്നാണ് നിയമം. ഈ നിയമം അനുസരിച്ചാണ് താരത്തിന് ഐസിസി ശിക്ഷ വിധിച്ചത്.
ന്യൂസിലന്‍ഡ് ഇന്നിങ്‌സിലെ 11ാം ഓവറിനിടെയാണ് വിവാദമായ സംഭവം നടന്നത്. അര്‍ഷ്ദീപ് എറിഞ്ഞ പന്ത് ഡാരില്‍ മിച്ചലിന്റെ ബാറ്റില്‍ തട്ടിയ ശേഷം താരത്തിന് നേരെ വന്നു. ഫോളോ ത്രൂവില്‍ പന്ത് പിടിച്ചെടുത്ത ശേഷം ക്രീസിന് പുറത്ത് നിന്നിരുന്ന മിച്ചലിന്റെ നേരെ എറിയുക ആയിരുന്നു.
എന്നാല്‍ പന്ത് താരത്തിന്റെ കാലില്‍ കൊള്ളുകയാണ് ഉണ്ടായത്. ഇതില്‍ പ്രകോപിതനായ മിച്ചല്‍ അര്‍ഷ്ദീപിനോട് ചൂടായി സംസാരിക്കുകയും ചെയ്തു. സംഭവത്തില്‍ ഉടന്‍ തന്നെ അമ്പയര്‍മാരും നായകന്‍ സൂര്യകുമാര്‍ യാദവും ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു.
