പ്രകോപനപരമായ ആംഗ്യം; ഹാരിസ് റൗഫിന് പിഴ ചുമത്തി ഐസിസി, സാഹിബ്‌സദാ ഫര്‍ഹാന് ശാസന
ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കെതിരേ മല്‍സരത്തിനിടെ പ്രകോപനപരമായ ആംഗ്യം കാണിച്ച പാക് ബൗളര്‍ ഹാരിസ് റൗഫിന് ഐസിസി പിഴ ചുമത്തി. മാച്ച് ഫീയുടെ 30 ശതമാനം താരം പിഴയടക്കണം. മല്‍സരത്തിനിടെ കൈ കൊണ്ട് വിമാനം തകരുന്നതിന്റെയും 6-0 എന്ന ആംഗ്യവുമാണ് താരം കാണിച്ചത്. ഇതിനാണ് ഐസിസി പിഴ ചുമത്തിയത്. മറ്റൊരു പാക് ബാറ്റ്‌സ്മാന്‍ സാഹിബസ്ദാ ഫര്‍ഹാന്റെ ഗണ്‍ ഫയറിങ് ആംഗ്യത്തിന് താരത്തെ ഐസിസി ശാസിക്കുകയും ചെയ്തു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെതിരേയും ഐസിസി നടപടിയെടുത്തിട്ടുണ്ട്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ സൂര്യകുമാര്‍ യാദവ് കുറ്റക്കാരനാണെന്ന് ഐസിസി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പാകിസ്താനെതിരായ ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ വിജയം നേടിയശേഷം ഈ ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര സൈനികര്‍ക്കും പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. ഇത് രാഷ്ട്രീയമായ പ്രസ്താവനയാണെന്ന് ആരോപിച്ചാണ് പിസിബി ഐസിസിക്ക് പരാതി നല്‍കിയത്.