ഹോങ്കോങ്: ഹോങ്കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. ദിനേഷ് കാര്‍ത്തിക് ക്യാപ്റ്റനായുള്ള ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 4 വിക്കറ്റിന് 86 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 3 ഓവറില്‍ 1 വിക്കറ്റിന് 41 റണ്‍സില്‍ നില്‍ക്കവെ മഴ വില്ലനായി എത്തുകയായിരുന്നു. മഴ കുറയാതെ വന്നതോടെ ഡെക്ക് വര്‍ത്ത് നിയമപ്രകാരം രണ്ട് റണ്‍സിന്റെ വിജയം ഇന്ത്യ നേടിയെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. റോബിന്‍ ഉത്തപ്പയും ഭരത് ചിപ്ലിയും ചേര്‍ന്നാണ് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. തുടക്കം മുതല്‍ തകര്‍ത്തടിച്ച ഉത്തപ്പ 11 പന്തില്‍ 28 റണ്‍സാണ് നേടിയത്. രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു ഉത്തപ്പ തകര്‍ത്തടിച്ചത്. എന്നാല്‍ മുഹമ്മദ് ഷഹ്‌സാദ് ഉത്തപ്പയെ പുറത്താക്കി. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഉത്തപ്പ പുറത്തായത്.
13 പന്തില്‍ 24 റണ്‍സാണ് ഭരത്തിന് നേടാനായത്. 2 വീതം സിക്‌സും ഫോറുമാണ് അദ്ദേഹം പറത്തിയത്. അബ്ദുല്‍ സമദിന്റെ പന്തില്‍ മാസ് സദാഖത്തിന് ക്യാച്ച് നല്‍കിയാണ് ഭരത് പുറത്തായത്. സ്റ്റുവര്‍ട്ട് ബിന്നിയാണ് മൂന്നാം നമ്പറില്‍ ഇറങ്ങിയത്. ആദ്യ പന്തില്‍ ബൗണ്ടറി നേടാന്‍ ബിന്നിക്കായി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ പുറത്തായി. മുഹമ്മദ് ഷഹസാദിനാണ് വിക്കറ്റ്. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ആറ് പന്തില്‍ 17 റണ്‍സോടെ പുറത്താവാതെ നിന്നു.
രണ്ട് ഫോറും ഒരു സിക്‌സുമാണ് കാര്‍ത്തിക് നേടിയത്. അഞ്ച് പന്തില്‍ ആറ് റണ്‍സാണ് അഭിമന്യു മിതുന്‍ നേടിയത്. ഒരു ബൗണ്ടറിയാണ് താരത്തിന് ആകെ നേടാനായത്. ഇതോടെ 6 ഓവറില്‍ 4 വിക്കറ്റിന് 86 റണ്‍സാണ് ഇന്ത്യക്ക് നേടാനായത്. മുഹമ്മദ് ഷഹസാദ് രണ്ട് വിക്കറ്റും അബ്ദുല്‍ സമദ് ഒരു വിക്കറ്റും പാകിസ്താനായി നേടി.
മറുപടി ബാറ്റിങില്‍ പാകിസ്താനായി ഖവാജ നഫായിയും മാസ് സദാഖത്തും ചേര്‍ന്നാണ് ഓപ്പണിങ്ങിലിറങ്ങിയത്. അഭിമന്യു മിതുന്റെ ആദ്യ ഓവറില്‍ 18 റണ്‍സാണ് പാക് ഓപ്പണര്‍മാര്‍ നേടിയത്. മൂന്ന് സിക്‌സും ഒരു ഫോറും ആദ്യ ഓവറില്‍ത്തന്നെ മിതുന്‍ വഴങ്ങി. രണ്ടാം ഓവര്‍ എറിയാനെത്തിയ സ്റ്റുവര്‍ട്ട് ബിന്നി സദാഖത്തിനെ പുറത്താക്കി.
3 പന്തില്‍ ഒരു സിക്‌സടക്കം 7 റണ്‍സെടുത്ത സദാഖത്തിനെയാണ് ബിന്നി മടക്കിയത്. രണ്ടാം ഓവറില്‍ വെറും 7 റണ്‍സാണ് ബിന്നി വിട്ടുകൊടുത്തത്. മൂന്ന് ഓവറില്‍ 1 വിക്കറ്റിന് 41 എന്ന നിലയില്‍ പാകിസ്താന്‍ നില്‍ക്കവെ മഴ വില്ലനായെത്തി.മഴ കുറയാത്തതിനെ തുടര്‍ന്ന് ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 2 റണ്‍സിന്റെ ജയം ഇന്ത്യ നേടിയെടുത്തു.

