ഹര്‍ഷിത് റാണ ലോകകപ്പില്‍ നിന്ന് പുറത്ത്; മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമില്‍

Update: 2026-02-06 17:38 GMT

മുംബൈ: പരിക്കേറ്റ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ലോകകപ്പിനുള്ള ഇന്ത്യയുടെ ട്വന്റി-20 ടീമില്‍ ഉള്‍പ്പെടുത്തി. 2024 ജൂലൈ 30നാണ് സിറാജ് ഇന്ത്യക്ക് വേണ്ടി അവസാനമായി ട്വന്റി-20 മല്‍സരം കളിക്കുന്നത്. ശ്രീലങ്കയ്ക്കെതിരെ ആയിരുന്നത്. ഇന്ത്യക്ക് വേണ്ടി 16 ട്വന്റി-20 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള സിറാജ് 14 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 17 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് സിറാജ്.

ടൂര്‍ണമെന്റ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് റാണ പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്താവുന്നത്. സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുന്നതിനിടെ പേസര്‍ ഹര്‍ഷിത് റാണയ്ക്കാണ് പരിക്കേറ്റത്. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ വെറും ഒരു ഓവര്‍ മാത്രം എറിഞ്ഞ റാണ, കാല്‍മുട്ടിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്രൗണ്ട് വിടുകയായിരുന്നു. നേരത്തെ ഇന്ത്യന്‍ സൂര്യകുമാര്‍ യാദവ്, റാണയ്ക്ക് പരിക്കേറ്റ കാര്യം സ്ഥിരീകരിച്ചിരുന്നു.




Tags: