ഇന്ത്യന്‍ ആരാധകര്‍ക്കുനേരെ പ്രകോപനപരമായ ആംഗ്യവുമായി ഹാരിസ് റൗഫ്; ' ആറ് യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ടു' (6-0)
ദുബായ്: ഏഷ്യാ കപ്പിലെ ആവേശപ്പോരില്‍ ഇന്ത്യക്കെതിരായ മല്‍സരത്തിനിടെ ആരാധകരെ പ്രകോപിപ്പിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്. ഇന്ത്യന്‍ ബാറ്റിങിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹാരിസ് റൗഫിനുനേരെ ഇന്ത്യന്‍ ആരാധകര്‍ വിരാട് കോഹ് ലി ചാന്റ് ഉയര്‍ത്തിയപ്പോള്‍ ആദ്യം ചെവി വട്ടം പിടിച്ച് ഇനിയും വിളിക്കൂ എന്ന് ആംഗ്യം കാട്ടിയ ഹാരിസ് റൗഫ് കൈവിരലുകള്‍ കൊണ്ട് 6-0 എന്ന് കാണിച്ചാണ് ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിച്ചത്. വിമാനങ്ങള്‍ താഴെ വന്ന് തകരുന്നു ആംഗ്യവും താരം കാണിച്ചു. പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയ്ക്കിടെ ഇന്ത്യയുടെ ആറ് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന് പാകിസ്താന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഇന്ത്യ ഒരിക്കല്‍പോലും സ്ഥിരീകരിച്ചിട്ടില്ല. ഇതിനെ സൂചിപ്പിക്കാനായാണ് പാക് താരം 6-0 എന്ന വിവാദ ആംഗ്യം കാട്ടിയതെന്നാണ് റിപോര്‍ട്ട്.
Haris Rauf never disappoints, specially with 6-0. pic.twitter.com/vsfKKt1SPZ
— Ihtisham Ul Haq (@iihtishamm) September 21, 2025
2022ലെ ട്വന്റി-20 ലോകകപ്പില്‍ മെല്‍ബണില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ വിരാട് കോഹ് ലി ഹാരിസ് റൗഫിനെതിരെ തുടര്‍ച്ചയായി സിക്‌സ് പറത്തി ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തയതിനെ ഓര്‍മിപ്പിക്കാനായിരുന്നു ഇന്ത്യന്‍ ആരാധകര്‍ റൗഫിനുനേരെ കോഹ് ലി ചാന്റ് ഉയര്‍ത്തിയത്. വിമാനങ്ങള്‍ വെടിയേറ്റ് വീഴുന്ന അംഗവിക്ഷേപങ്ങളും കൈകൊണ്ട് താരം ഗ്രൗണ്ടില്‍ കാണിച്ചിരുന്നു. ഇന്നലെ ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി നേടിയ പാക് ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ ബാറ്റുകൊണ്ട് ഗ്യാലറിക്കുനേരെ വെടിയുതിര്‍ത്തായിരുന്നു അര്‍ധസെഞ്ചുറിനേട്ടം ആഘോഷിച്ചത്.
