അബുദബി: യുഎഇയില്‍ നടക്കുന്ന അബുദബി ട്വന്റി-10 ലീഗ് ക്രിക്കറ്റിനിടെ പാക്് താരം ഷാനവാസ് ദഹാനിയുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിന്റെ ഹസ്തദാനം. ആസ്പിന്‍ സ്റ്റാലിയന്‍സ് ടീമിന്റെ ക്യാപ്റ്റനായ ഹര്‍ഭജന്‍ നോര്‍ത്തേണ്‍ വാരിയേഴ്‌സിനെതിരായ മല്‍സരത്തിനു ശേഷമാണ് പാക്ക് താരത്തിനൊപ്പം ഹസ്തദാനത്തിനു നിന്നത്. പഹല്‍ഗാം ആക്രമണത്തിനു ശേഷം നടന്ന ഏഷ്യാകപ്പിലും ഏകദിന വനിതാ ലോകകപ്പിലും പാകിസ്താനുമായുള്ള ഹസ്തദാനം ഇന്ത്യന്‍ താരങ്ങള്‍ ഒഴിവാക്കിയിരുന്നു.
ലെജന്‍ഡ് ലോക ചാംപ്യന്‍ഷിപ്പില്‍ ഹര്‍ഭജന്‍ സിങ് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം പാക്കിസ്താനെതിരായ കളി ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുഎഇയിലെത്തിയപ്പോള്‍ ഹര്‍ഭജന്‍, പാക്ക് താരവുമായി ഹസ്തദാനം ചെയ്യുകയായിരുന്നു. മല്‍സരത്തില്‍ നോര്‍ത്തേണ്‍ വാരിയേഴ്‌സ് നാലു റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത വാരിയേഴ്‌സ് 114 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ സ്റ്റാലിയന്‍സ് 10 ഓവറില്‍ 110 റണ്‍സാണ് അടിച്ചെടുത്തത്.