2023 ക്രിക്കറ്റ് ലോകകപ്പ്: സ്‌റ്റേഡിയങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡും

ഒക്ടോബര്‍ അഞ്ചിന് ലോകകപ്പ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

Update: 2023-05-05 12:46 GMT


ഡല്‍ഹി: ഇന്ത്യയില്‍ ഈ വര്‍ഷം നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള സ്റ്റേഡിയങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടി തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം. അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിക്ക് ബി.സി.സി.ഐ സമര്‍പ്പിച്ച 15 സ്റ്റേഡിയങ്ങളുടെ പട്ടികയില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടം നേടി.സ്‌റ്റേഡിയങ്ങളുടെ അന്തിമ ലിസ്റ്റ് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പുറത്ത് വിടും.


ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരവും ഫൈനലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.ലോകകപ്പിലെ തീപാറുന്ന പോരാട്ടങ്ങള്‍ക്കെല്ലാം അഹമ്മദാബാദ് തന്നെ വേദിയായേക്കും. കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളും എന്നതാണ് അഹമ്മദാബാദിനെ മറ്റ് സ്റ്റേഡിയങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അഹമ്മദാബാദിനും തിരുവനന്തപുരത്തിനും പുറമേ നാഗ്പുര്‍, ബെംഗളൂരു, മുംബൈ, ലഖ്നൗ, ഗുവാഹാട്ടി, ഹൈദരാബാദ്, കൊല്‍ക്കത്ത, രാജ്കോട്ട്, ഇന്ദോര്‍, ധരംശാല തുടങ്ങിയ സ്റ്റേഡിയങ്ങളും ലിസ്റ്റിലുണ്ട്.


ഒക്ടോബര്‍ അഞ്ചിന് ലോകകപ്പ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവസാനമായി ഇന്ത്യയില്‍ 2011-ലാണ് ഏകദിന ലോകകപ്പ് നടന്നത്. അന്ന് ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയാണ് കിരീടം നേടിയത്. ഇംഗ്ലണ്ടാണ് നിലവിലെ ലോകകപ്പ് ജേതാക്കള്‍.






Tags:    

Similar News