ഗ്ലെന്‍ മാക്സ്വെല്‍ ഏകദിനത്തില്‍ നിന്ന് വിരമിച്ചു

Update: 2025-06-02 15:07 GMT

സിഡ്നി: ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടല്‍ ഗ്ലെന്‍ മാക്സ്വെല്‍. ട്വന്റി-20യില്‍ തുടര്‍ന്നും കളിക്കുമെന്ന് താരം വ്യക്തമാക്കി. താരത്തിന്റെ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തു തന്നെ അമ്പരപ്പുണ്ടാക്കുന്നതാണ്. ഓസ്‌ട്രേലിയക്കൊപ്പം രണ്ട് തവണ ലോകകപ്പ് നേടിയിട്ടുണ്ട്. 13 വര്‍ഷം നീണ്ട ഏകദിന കരിയറിനാണ് താരം വിരാമമിട്ടത്. 149 ഏകദിന പോരാട്ടത്തില്‍ നിന്നു 3,990 റണ്‍സ് നേടി. 33.81 ആണ് ആവറേജ്. 126.70 ആണ് സ്ട്രൈക്ക് റേറ്റ്. 77 വിക്കറ്റുകളും 91 ക്യാച്ചുകളും ഏകദിനത്തിലുണ്ട്.

2023ല്‍ ഓസ്ട്രേലിയക്ക് ഏകദിന ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് മാക്സ്വെല്‍. ഏകദിന ലോകകപ്പ് ചരിത്രത്തിലെ തന്നെ അസാമാന്യമായൊരു ഇന്നിങ്സ് കളിച്ച താരം കൂടിയാണ് മാക്സ്വെല്‍. 2023 ലോകകപ്പില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തില്‍ ഇരട്ട സെഞ്ച്വറി നേടി മാക്സ്വെല്‍ ചരിത്രമെഴുതിയിരുന്നു. ഇരട്ട സെഞ്ചുറി എന്നതിനേക്കാള്‍ ആ മത്സരത്തില്‍ ഏതാണ്ട് ഒറ്റയ്ക്ക് തന്നെ താരം ടീമിനെ ജയത്തിലേക്ക് നയിച്ചു എന്നതാണ് പ്രത്യേകത.

അഫ്ഗാനിസ്ഥാന്‍ അന്ന് 291 റണ്‍സാണ് ഓസീസിനെതിരെ അടിച്ചത്. മറുപടി തുടങ്ങിയ ഓസീസ് പക്ഷേ അമ്പരപ്പിക്കുന്ന രീതിയില്‍ തകരുന്ന കാഴ്ചയായിരുന്നു. അവര്‍ ഒരു ഘട്ടത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലുമായി.

എന്നാല്‍ പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് അവിശ്വസനീയമായ ഒരു പോരാട്ട വീര്യമാണ്. 128 പന്തുകള്‍ നേരിട്ട് 21 ഫേറും 10 സിക്സും സഹിതം മാക്സ്വെല്‍ പുറത്താകാതെ നേടിയത് 201 റണ്‍സ്! പരിക്കിന്റെ വേവലാതികളെ വക വയ്ക്കാതെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ കൂട്ടുപിടിച്ചാണ് മാക്സി അന്ന് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. ഒറ്റയാള്‍ പോരാട്ടത്തിലൂടെ 46.5 ഓവറില്‍ 293 റണ്‍സില്‍ ഓസീസിനെ എത്തിച്ച് ടീമിനു അവിസ്മരണീയ വിജയമാണ് താരം അന്നു സമ്മാനിച്ചത്. വിജയിക്കുമ്പോഴേക്കും പരിക്കിന്റെ മൂര്‍ധന്യത്തില്‍ താരം ക്രീസില്‍ വീണു പോയിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ മാത്രമല്ല, ഏകദിന ക്രിക്കറ്റില്‍ പോലും അതുവരെ ആരും അത്തരമൊരു ഐതിഹാസിക ബാറ്റിങ് പുറത്തെടുത്തിട്ടില്ല.




Tags: