ഗൗതം ഗംഭീര്‍ 2028 ഒളിംപിക്‌സ് വരെ ഇന്ത്യന്‍ പരിശീലകനായി തുടര്‍ന്നേക്കും

Update: 2026-02-17 16:43 GMT

മുംബൈ: ഗൗതം ഗംഭീര്‍ 2028-ലെ ലോസ് ആഞ്ജലിസ് ഒളിംപിക്സ് വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി തുടര്‍ന്നേക്കുമെന്ന് റിപോര്‍ട്ട്. 2027-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെയാണ് ബിസിസിഐക്ക് നിലവില്‍ ഗംഭീറുമായി കരാറുള്ളത്. 128 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് ഒളിംപിക്സിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ലോസ് ആഞ്ജലിസ് ഒളിംപിക്സിനുണ്ട്. അതുവരെ ഗംഭീറിന് ബിസിസിഐ കാലാവധി നീട്ടിനല്‍കിയേക്കുമെന്ന് ദൈനിക് ജാഗരണ്‍ റിപോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ട്വന്റി-20 ലോകകപ്പിലെയും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെയും ടീമിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഗംഭീറിന്റെ ഭാവി തീരുമാനിക്കപ്പെടുന്നത്. ഗംഭീറിന്റെ കീഴില്‍ ഇന്ത്യ ചാംപ്യന്‍സ് ട്രോഫിയും ഏഷ്യ കപ്പും നേടിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ ടീമിന്റെ മോശം പ്രകടനം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നാട്ടില്‍ ന്യൂസീലന്‍ഡിനോടും ദക്ഷിണാഫ്രിക്കയോടും ഇന്ത്യ ടെസ്റ്റ് പരമ്പരകള്‍ പരാജയപ്പെട്ടിരുന്നു.

എന്നാല്‍, ഒളിംപിക്സില്‍ മത്സരങ്ങള്‍ ടി20 ഫോര്‍മാറ്റിലായിരിക്കും. ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ലോകത്തെ മികച്ച ടീമുകളിലൊന്ന് ഇന്ത്യയാണ്. അതിനാല്‍ത്തന്നെ രാജ്യത്തിനായി സ്വര്‍ണമെഡല്‍ നേടാനുള്ള സാധ്യതയും ബിസിസിഐ മുന്നില്‍ കാണുന്നുണ്ട്.




Tags: