മുന്‍ പാക് സ്പിന്നറുടെ ചിത്രം ജയ്പുര്‍ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിവാക്കി
ജയ്പുര്‍: മുന്‍ പാകിസ്താന്‍ റിസ്റ്റ് സ്പിന്നര്‍ ഡാനിഷ് കനേരിയയുടെ ചിത്രം ജയ്പുരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ നിന്നു ഒഴിവാക്കി. ഇന്ത്യ- പാക് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.പാകിസ്താന് വേണ്ടി 61 ടെസ്റ്റുകളും 18 ഏകദിനങ്ങളും കളിച്ച താരമാണ് കനേരിയ. ടെസ്റ്റില്‍ 261 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അഞ്ച് വിക്കറ്റ് നേട്ടം 15 തവണയും 10 വിക്കറ്റ് നേട്ടം രണ്ട് തവണയും സ്വന്തമാക്കി. ഇന്ത്യക്കെതിരെ 11 ടെസ്റ്റുകളും രണ്ട് ഏകദിന മല്‍സരങ്ങളുമാണ് താരം പാകിസ്താനു വേണ്ടി കളിച്ചത്. മൊത്തം 44 വിക്കറ്റുകള്‍ വീഴ്ത്തി.
പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ പാകിസ്താന്‍ ഭരണ നേതൃത്വത്തേയും സൈന്യത്തേയും വിമര്‍ശിച്ച് കനേരിയ രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു. അതിനിടെയാണ് സ്റ്റേഡിയത്തില്‍ നിന്നു താരത്തിന്റെ ഫോട്ടോ ഒഴിവാക്കിയത് എന്നത് ശ്രദ്ധേയമാണ്.
പാകിസ്താന്‍ ക്രിക്കറ്റിനെ ഒറ്റപ്പെടുത്താന്‍ കടുത്ത നീക്കവുമായി ബിസിസിഐ നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ജയ്പുര്‍ സ്റ്റേഡിയത്തില്‍ നിന്നു കനേരിയയുടെ ചിത്രം നീക്കിയത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) സംഘടിപ്പിക്കുന്ന എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഒറ്റപ്പെടുത്താനാണ് നീക്കം.
അടുത്ത മാസം ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന വനിതാ എമേര്‍ജിങ് ടീംസ് ഏഷ്യാ കപ്പില്‍ നിന്നും പിന്മാറാനുള്ള തീരുമാനം എസിസിയെ ബിസിസിഐ ഇതിനകം അറിയിച്ചതായാണ് റിപോര്‍ട്ട്. സെപ്റ്റംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പുരുഷ ഏഷ്യാ കപ്പില്‍ നിന്നും പിന്മാറാനുള്ള തീരുമാനവും ബിസിസിഐ അറിയിച്ചതായാണ് വിവരം.
