ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് സമന്‍സ് അയച്ചു. ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്ന സംഘമാണ് ധവാന് സമന്‍സ് നല്‍കിയിരിക്കുന്നത്.
ഓഗസ്റ്റില്‍ മറ്റൊരു മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയെയും സമാനമായ കേസില്‍ ഇഡി വിളിച്ചുവരുത്തിയിരുന്നു. അനധികൃത ബെറ്റിങ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന വ്യാപക നടപടികളുടെ ഭാഗമാണ് ഇതു രണ്ടും.
നേരത്തെ, റാണാ ദഗ്ഗുപതിയും പ്രകാശ് രാജും ഉള്‍പ്പെടെ 25 സിനിമാ താരങ്ങള്‍ വാതുവയ്പ്പ് പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ച് തെലങ്കാന പോലിസും കേസെടുത്തിരുന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതാണ് ഇതില്‍ മിക്കവര്‍ക്കും കുരുക്കായിരിക്കുന്നത്.
ബെറ്റിങ് ആപ്പുകളെ പ്രൊമോട്ട് ചെയ്തിട്ടില്ലെന്നും, ഓണ്‍ലൈന്‍ സ്‌കില്‍-അധിഷ്ഠിത ഗെയിമുകള്‍ നിയമാനുസൃതമായ മേഖലകളില്‍ അവയെ മാത്രമാണ് പ്രോത്സാഹിപ്പിച്ചിട്ടുള്ളതെന്നും പല താരങ്ങളും വിശദീകരണം നല്‍കിയിട്ടുണ്ട്.
എന്നാല്‍, ഓണ്‍ലൈന്‍ ഗെയിമിങ്ങിനു കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമനിര്‍മാണം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാഹചര്യത്തില്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ രാജ്യവ്യാപകമായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൂടുതല്‍ പ്രമുഖര്‍ക്ക് സമന്‍സ് അയയ്ക്കാന്‍ ഒരുങ്ങുകയാണ് വിവിധ അന്വേഷണ ഏജന്‍സികള്‍.
