മോഹിത് ശര്‍മ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു

Update: 2025-12-04 10:09 GMT

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ മികച്ച പേസ് ബൗളറും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തരംഗം സൃഷ്ടിച്ച ചാംപ്യന്‍ ബൗളറുമായ മോഹിത് ശര്‍മ്മ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്തിടെ ഡല്‍ഹി ക്യാപിറ്റല്‍സ് അദ്ദേഹത്തെ നിലനിര്‍ത്തിയിരുന്നില്ല, പിന്നാലെയാണ് മോഹിത് ശര്‍മ വിരമിക്കാന്‍ തീരുമാനിച്ചത്.

സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ ഒരു പോസ്റ്റിലൂടെയാണ് താരം വിരമിക്കല്‍ ആരാധകരെ അറിയിച്ചത്. 'ഇന്ന്, എല്ലാത്തരം ക്രിക്കറ്റുകളില്‍ നിന്നും ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നു. ഹരിയാനയെ പ്രതിനിധീകരിക്കുന്നത് മുതല്‍ ഇന്ത്യന്‍ ജേഴ്സി ധരിക്കുന്നതുവരേയും, പിന്നാലെ ഐപിഎല്ലില്‍ കളിക്കുന്നത് വരെയുള്ള ഈ യാത്ര ഒരു അനുഗ്രഹമാണെന്ന് താരം പറഞ്ഞു.

'എന്റെ കരിയറിന്റെ നട്ടെല്ലായി നിന്നതിന് ഹരിയാന ക്രിക്കറ്റ് അസോസിയേഷന് നന്ദി, വാക്കുകള്‍ക്കൊണ്ട് വിവരിക്കാന്‍ കഴിയാത്ത വിധത്തില്‍ എന്റെ പാതയെ രൂപപ്പെടുത്തിയ, നിരന്തരമായ മാര്‍ഗനിര്‍ദേശം നല്‍കിയ അനിരുദ്ധ് സാറിന് നന്ദി, ബിസിസിഐ, എന്റെ പരിശീലകര്‍, സഹതാരങ്ങള്‍, ഐപിഎല്‍ ഫ്രാഞ്ചൈസികള്‍, സപ്പോര്‍ട്ട് സ്റ്റാഫ്, എല്ലാ സുഹൃത്തുക്കള്‍ അവരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. എന്റെ മാനസികാവസ്ഥയിലെ മാറ്റങ്ങളും കോപവും എപ്പോഴും കൈകാര്യം ചെയ്യുകയും എല്ലാത്തിലും എന്നെ പിന്തുണയ്ക്കുകയും ചെയ്ത എന്റെ ഭാര്യയ്ക്ക് പ്രത്യേക നന്ദി- താരം എഴുതി.

ഇന്ത്യയ്ക്കായി 26 ഏകദിനങ്ങള്‍ കളിച്ച മോഹിത് ശര്‍മ്മ 25 ഇന്നിംഗ്സുകളില്‍ നിന്ന് 31 വിക്കറ്റുകള്‍ വീഴ്ത്തി. താരത്തിന്റെ ഏറ്റവും മികച്ച ഏകദിന പ്രകടനം 22 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയതായിരുന്നു. 8 ട്വന്റി-20 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്ന് 6 വിക്കറ്റുകളും മോഹിത് നേടിയിട്ടുണ്ട്.

കൂടാതെ, 120 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്ന് 119 ഇന്നിങ്സുകളില്‍ നിന്നായി 134 വിക്കറ്റുകള്‍ മോഹിതിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്സ് തുടങ്ങിയ ടീമുകള്‍ക്കായി മോഹിത് കളിച്ചിട്ടുണ്ട്. 2013 സീസണില്‍ 20 വിക്കറ്റും 2014 ല്‍ 23 വിക്കറ്റും നേടി. 2023 ല്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം 27 വിക്കറ്റുകള്‍ നേടിയ താരം ആ സീസണിലെ രണ്ടാമത്തെ വിക്കറ്റ് ടേക്കറായിരുന്നു. സിഎസ്‌കെ, ജിടി എന്നീ ചാംപ്യന്‍ ടീമുകളിലും അദ്ദേഹം അംഗമായിരുന്നു.



Tags: