വിവാദ പരാമര്‍ശവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍; ദക്ഷിണാഫ്രിക്ക മണ്ടന്‍മാര്‍, വിന്‍ഡീസിനോട് തോറ്റ് ഇന്ത്യയെ പുറത്താക്കണമായിരുന്നുവെന്ന്
ലണ്ടന്‍: 2026 ട്വന്റി-20 ലോകകപ്പിലെ ഏറ്റവും മണ്ടന്‍ ടീമാണ് ദക്ഷിണാഫ്രിക്കയെന്ന വിവാദ പ്രസ്താവനയുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഇന്ത്യ ടൂര്‍ണമെന്റ് ജയിക്കാന്‍ കാരണമായത് ദക്ഷിണാഫ്രിക്കയുടെ പിഴവാണെന്നാണ് വോണിന്റെ കണ്ടെത്തല്‍. സൂപ്പര്‍ എട്ട് ഘട്ടത്തില്‍ വെസ്റ്റിന്‍ഡീസിനോട് മനപ്പൂര്‍വം തോറ്റിരുന്നെങ്കില്‍ ഇന്ത്യയെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കാമായിരുന്നുവെന്നാണ് വോണ്‍ അഭിപ്രായപ്പെട്ടത്. 'സ്റ്റിക് ടു ക്രിക്കറ്റ്' പോഡ്കാസ്റ്റിലായിരുന്നു വോണിന്റെ വിവാദ പരാമര്‍ശം.
ശക്തരായ ടീമുകളെ നേരത്തെ തന്നെ പുറത്താക്കുന്നതാണ് കിരീടം നേടാനുള്ള എളുപ്പവഴിയെന്നും, എന്നാല്‍ ദക്ഷിണാഫ്രിക്ക ആ അവസരം കളഞ്ഞുകുളിച്ചെന്നും അദ്ദേഹം പരിഹസിക്കുന്നു. മികച്ച ഫോമിലായിരുന്ന ഇന്ത്യയെ മുന്നേറാന്‍ അനുവദിച്ചത് ദക്ഷിണാഫ്രിക്കയുടെ ബുദ്ധിശൂന്യമായ തീരുമാനമാണെന്നാണ് വോണ്‍ പറഞ്ഞത്.
സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന് തോറ്റതിനെത്തുടര്‍ന്ന് ഇന്ത്യ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചതോടെ ഇന്ത്യയ്ക്ക് സെമിയിലേക്ക് വഴി തുറന്നു. തുടര്‍ന്ന് സിംബാബ്‌വെ, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നിവരെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടി. മറുവശത്ത് ടൂര്‍ണമെന്റില്‍ പരാജയമറിയാതെ സെമിയിലെത്തിയ ദക്ഷിണാഫ്രിക്ക ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായി.