മുംബൈ: ട്വന്റി-20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സടിച്ച് വെടിക്കെട്ട് അര്‍ധസെഞ്ചുറി സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണ്‍ സ്വന്തമാക്കിയത് അപൂര്‍വറെക്കോര്‍ഡ്. ട്വന്റി-20 ലോകകപ്പ് നോക്കൗട്ട് മല്‍സരങ്ങളില്‍ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡാണ് സഞ്ജു മംബൈയില്‍ ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. 2016ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് സെമിയില്‍ വിരാട് കോഹ് ലി നേടിയ 89 റണ്‍സിന്റെ റെക്കോര്‍ഡിനൊപ്പമാണ് സഞ്ജു ഇന്നെത്തിയത്.
ലോകകപ്പ് ചരിത്രത്തിലെ നോക്കൗട്ട് മല്‍സരത്തിലെ നാലാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് സഞ്ജു നേടിയ 89 റണ്‍സ്. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ 100 റണ്‍സ് നേടിയ ന്യൂിസലന്‍ഡിന്റെ ഫിന്‍ അലന്‍ ആണ് പട്ടികയില്‍ ഒന്നാമത്. 2009ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്‍ നേടിയ 96 റണ്‍സാണ് പട്ടികയില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്ത് 89 റണ്‍സുമായി വിരാട് കോലിയും സഞ്ജു സാംസണുമുണ്ട്. 2022ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയില്‍സ് നേടിയ 86 റണ്‍സാണ് സഞ്ജുവിന് പിന്നില്‍ അഞ്ചാമത്.
കോഹ്ലിയും സഞ്ജുവും തങ്ങളുടെ റെക്കോര്‍ഡ് സ്‌കോറുകള്‍ കണ്ടെത്തിയത് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് എന്ന പ്രത്യേകതയുമുണ്ട്. 26 പന്തില്‍ ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയിലെത്തിയ സഞ്ജു 42 പന്തില്‍ 89 റണ്‍സെടുത്താണ് പുറത്തായത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജുവിന് കൈയകലത്തില്‍ സെഞ്ചുറി നഷ്ടമായി. എട്ട് ഫോറും ഏഴ് സിക്‌സും സഞ്ജു പറത്തി. വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായിരുന്ന കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു ആണ് ഇന്ത്യക്ക് സെമി ടിക്കറ്റ് ഉറപ്പാക്കിയത്.
