ഗണ്‍ ഫയറിങ് ആഘോഷ വിവാദത്തില്‍ പ്രതികരിച്ച് ഫര്‍ഹാന്‍; 'മനസില്‍ തോന്നിയത് ചെയ്തതാണ്, ആളുകളെ കാര്യമാക്കുന്നില്ല'
ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരെ ആറുവിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ശര്‍മയും ഗില്ലുമാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. അതേസമയം സാഹിബ്സാദ ഫര്‍ഹാന്റെ അര്‍ധസെഞ്ചുറിയാണ് പാകിസ്താന് കരുത്തായത്. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഫര്‍ഹാന്‍ നടത്തിയ ആഘോഷ പ്രകടനം വന്‍ ചര്‍ച്ചയായിരുന്നു. ബാറ്റ് കൊണ്ട് വെടിയുതിര്‍ക്കുന്ന തരത്തിലുള്ള ആംഗ്യമാണ് താരം കാണിച്ചത്. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
മനസില്‍ തോന്നിയത് ചെയ്തതാണെന്നും ആളുകള്‍ പറയുന്നത് കാര്യമാക്കുന്നില്ലെന്നും ഫര്‍ഹാന്‍ പറഞ്ഞു. ആഘോഷം ആ നിമിഷത്തില്‍ സംഭവിച്ചുപോയതാണ്. 50 റണ്‍സ് നേടിയതിന് ശേഷം ഞാന്‍ അധികം ആഘോഷിക്കാറില്ല. പക്ഷേ, ഇന്ന് ഒരു ആഘോഷം നടത്താമെന്ന് എനിക്ക് പെട്ടെന്ന് തോന്നി. ഞാന്‍ അത് ചെയ്തു. - ഫര്‍ഹാന്‍ പ്രതികരിച്ചു.
ആളുകള്‍ അതിനെ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ലെന്നും ഞാന്‍ അത് കാര്യമാക്കുന്നില്ലെന്നും ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു. എവിടെ കളിച്ചാലും ആക്രമണോത്സുകമായ ക്രിക്കറ്റ് കളിക്കണം. അത് ഇന്ത്യയ്‌ക്കെതിരെ മാത്രമല്ല, എല്ലാ ടീമുകള്‍ക്കെതിരെയും ആക്രമണോത്സുകമായ ക്രിക്കറ്റ് കളിക്കണം.- ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
പാക് ഇന്നിങ്‌സിന്റെ പത്താം ഓവറിലാണ് താരം അര്‍ധസെഞ്ചുറി തികയ്ക്കുന്നത്. അക്ഷര്‍ പട്ടേലിനെ സിക്സറടിച്ച് അമ്പത് കടന്നതിന് പിന്നാലെയാണ് ആംഗ്യപ്രകടനം. ഡഗ്ഔട്ടിനുനേരെ തിരിഞ്ഞ് ബാറ്റ് എടുത്തുയര്‍ത്തി വെടിയുതിര്‍ക്കുന്നതുപോലെ കാണിക്കുകയായിരുന്നു. മൈതാനത്തെ ഹസ്തദാന വിവാദവും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഫര്‍ഹാന്റെ ഈ ആഘോഷപ്രകടനം ചര്‍ച്ചയാകുന്നത്.
