മുസ്തഫിസുറിനെ വേണ്ടെങ്കില്‍ ഐപിഎല്‍ ലോഗോയും മാറ്റണമെന്ന് ആരാധകര്‍; ലോഗോയില്‍ ഉള്ളത് മഷ്‌റഫെ മൊര്‍താസ
ധാക്ക: മുസ്തഫിസുര്‍ റഹ്‌മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയതിനു പിന്നാലെ ഐപിഎല്‍ ലോഗോ മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ആരാധകര്‍. ബംഗ്ലാദേശിന്റെ മുന്‍ താരമായ മഷ്‌റഫെ മൊര്‍താസയാണ് ഐപിഎല്‍ ലോഗോയിലുള്ളതെന്നു ആരാധകര്‍ ചിത്രങ്ങളും ആകാശ് ചോപ്ര ഇക്കാര്യം പറയുന്നതിന്റേയും വിഡിയോ പങ്കിട്ട് ഒരു വിഭാഗം അവകാശപ്പെടുന്നു.
ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ മൊര്‍താസയുടെ ബാറ്റിങില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ലോഗോ തയ്യാറാക്കിയതെന്നും അതിനാല്‍ ഇന്ത്യ ഇതുപയോഗിക്കരുതെന്നുമാണ് ബംഗ്ലാ ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ ബിസിസിഐയോ, ഐപിഎല്‍ സംഘാടകരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മഷ്‌റഫെ മൊര്‍ത്താസ 2007ലെ ലോകകപ്പില്‍ കളിച്ച ഒരു ഷോട്ടില്‍ നിന്നാണ് ഐപിഎല്‍ സംഘാടകര്‍ പ്രശസ്തമായ ലോഗോ കണ്ടെത്തിയതെന്നാണ് ബംഗ്ലദേശ് ആരാധകരുടെ നിലപാട്. യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെഞ്ചര്‍ ത്രീ എന്ന ഏജന്‍സിയാണ് ഐപിഎലിന്റെ ലോഗോ ഡിസൈന്‍ ചെയ്തത്. മൊര്‍താസയാണോ ചിത്രത്തിലെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.2026 ഐപിഎലിനു വേണ്ടി മിനി ലേലത്തില്‍ 9.20 കോടി രൂപ നല്‍കി മുസ്തഫിസുറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങിയിരുന്നു. ഇത്തവണ ഐപിഎല്‍ ലേലത്തില്‍ ടീമിലേക്ക് അവസരം കിട്ടിയ ഏക ബംഗ്ലാദേശ് താരവും മുസ്തഫിസുറാണ്.
ആഭ്യന്തര പ്രശ്‌നങ്ങള്‍ അരങ്ങേറുന്ന ബംഗ്ലദേശില്‍ ഹിന്ദു സമൂഹം നേരിടുന്ന അക്രമങ്ങള്‍ക്കെതിരെ ഇന്ത്യയിലും പ്രതിഷേധം ശക്തമായതോടെ മുസ്തഫിസുറിനെ കളിപ്പിക്കരുതെന്നും ടീമില്‍ നിന്നു ഒഴിവാക്കണണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇന്ത്യയില്‍ പ്രതിഷേധം കനത്തതോടെയാണ് ബിസിസിഐ ഇടപെട്ട് മുസ്തഫിസുറിനെ പുറത്താക്കിയത്.
ട്വന്റി-20 ലോകകപ്പില്‍ കളിക്കാനെത്തില്ലെന്നും, ബംഗ്ലദേശിന്റെ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റണമെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലദേശില്‍ ഐപിഎല്‍ ബ്രോഡ്കാസ്റ്റ് ചെയ്യരുതെന്നും പ്രാദേശിക ചാനലുകള്‍ക്ക് ബംഗ്ലദേശ് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്.

