വിരാട് കോഹ് ലിക്ക് ആദരം; കൊല്‍ക്കത്തയ്ക്കെതിരായ മല്‍സരത്തില്‍ വെള്ള ജഴ്സി അണിഞ്ഞെത്താന്‍ ആരാധകര്‍

Update: 2025-05-13 14:30 GMT

കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ആദരവ് അര്‍പ്പിക്കാനൊരുങ്ങി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎല്‍ മല്‍സരത്തില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തുന്നവരോട് വെള്ള ജഴ്സി ധരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ആര്‍സിബി ആരാധകര്‍. കോഹ്ലിയുടെ ടെസ്റ്റ് കരിയറിനെ ആദരിക്കുന്നതിന് വേണ്ടിയാണ് വെള്ള ജഴ്സി ധരിക്കുന്നത്.

ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചതിന് ശേഷം നടക്കുന്ന ആദ്യ മല്‍സരമാണിത്. ബെംഗളൂരു സ്റ്റേഡിയത്തില്‍ മെയ് 17നാണ് ആര്‍സിബി-കെകെആര്‍ പോരാട്ടം. മത്സരത്തിനായി സ്റ്റേഡിയത്തിലെത്തുന്ന ആരാധകരോട് ഇന്ത്യയുടെ ടെസ്റ്റ് ജഴ്സിയോ പൂര്‍ണമായും വെള്ള നിറത്തിലുള്ള വസ്ത്രമോ ധരിച്ചുവരാനാണ് ഒരുകൂട്ടം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്യുന്നത്.

ബെംഗളൂരു ആരാധകരുടെ ഈ നീക്കത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധയും സ്വീകരണവുമാണ് ലഭിക്കുന്നത്. ചിന്നസ്വാമിയില്‍ വെള്ള ജഴ്സിയില്‍ ആരാധകര്‍ എത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച യാത്രയയപ്പായിരിക്കും അത്.




Tags: