ഏഷ്യാ കപ്പില്‍ ഇന്ന് ആവേശപ്പോര്; ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍

Update: 2025-09-14 06:06 GMT

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ന് സൂപ്പര്‍ പോര്. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്ക് മുഖാമുഖം വരും. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ എവിടെ ബാറ്റ് ചെയ്യും എന്നതാണ് മല്‍സരത്തിന്റെ ആകാംക്ഷകളിലൊന്ന്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് നടുവില്‍ ഇന്ത്യ- പാക് ക്രിക്കറ്റ് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ദുബായില്‍ തീപാറും പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

പാക് പടയെ ഒരിക്കല്‍ കൂടി നാണംകെടുത്തി മടക്കി അയക്കേണ്ടതുണ്ട് സൂര്യകുമാര്‍ യാദവിന്റെ യുവസംഘത്തിന്. ഇതിന് മുമ്പ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇതേ വേദിയിലാണ് പാകിസ്താന്‍ ആറു വിക്കറ്റിന് തകര്‍ന്നടിഞ്ഞത്. ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ഇല്ലാതെ കളത്തിലിറങ്ങുന്ന സല്‍മാന്‍ ആഘയുടെ ടീമിന് വീണ്ടും ഒരു തോല്‍വി ആലോചിക്കാന്‍ പോലും ആകില്ല.

ഇന്ത്യക്കെതിരെ പാകിസ്താന്‍ ഒരു മല്‍സരം ജയിച്ചിട്ട് ഇന്നേക്ക് 3 വര്‍ഷവും 10 ദിവസവും കഴിഞ്ഞിരിക്കുന്നു. തുടരെയുള്ള ഈ തോല്‍വികളുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കേണ്ടതുണ്ട് പാകിസ്താന്. ഒമാനെതിരായ ആദ്യ പോരില്‍ പാക് ബൗളര്‍മാര്‍ മികവ് പുറത്തെടുത്തെങ്കിലും ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മ്മയും സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും അടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിരയെ പാകിസ്താന്‍ കരുതിയിരിക്കണം. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ വരുണ്‍ ചക്രവര്‍ത്തിയും മുഹമ്മദ് നവാസും ഇരു ടീമിലും ശ്രദ്ധാകേന്ദ്രങ്ങളാകും. ട്വന്റി-20യിലെ നേര്‍ക്കുനേര്‍ ബലാബലത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. കളിച്ച 13 മല്‍സരങ്ങളില്‍ പത്തിലും ജയം നീലപ്പടയ്ക്കൊപ്പമായിരുന്നു.




Tags: