ഇംഗ്ലണ്ടിന്റെ ആദ്യ കറുത്ത വര്‍ഗക്കാരന്‍ പേസര്‍ ഡേവിഡ് 'സിഡ്' ലോറന്‍സ് അന്തരിച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ ജനിച്ച് ഇംഗ്ലണ്ട് ടീമില്‍ കളിച്ച ആദ്യ കറുത്ത വര്‍ഗക്കാരനായ പേസ് ബൗളര്‍ ഡേവിഡ് സിഡ് ലോറന്‍സ് അന്തരിച്ചു. അദ്ദേഹത്തിന് 61 വയസായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പേസ് ബൗളിങ് മാര്‍ഗദര്‍ശിയായി അറിയപ്പെടുന്ന അദ്ദേഹം ഗ്ലോസ്റ്റര്‍ഷെയര്‍ താരവുമാണ്.
പരിക്കിനെ തുടര്‍ന്നു 28ാം വയസില്‍ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന ഹതഭാഗ്യനായ താരമായിരുന്നു സിഡ് ലോറന്‍സ്. പേശികളുടെ ചലനശേഷി നഷ്ടമാകുന്ന മോട്ടര്‍ ന്യൂറോണ്‍ രോഗം (എംഎന്‍ഡി) ഒരു വര്‍ഷം മുന്‍പ് അദ്ദേഹത്തിനു സ്ഥിരീകരിച്ചിരുന്നു. 1988-92ല്‍ ഇംഗ്ലണ്ടിനായി 5 ടെസ്റ്റുകള്‍ മാത്രമാണ് സിഡ് ലോറന്‍സ് കളിച്ചത്. ന്യൂസിലന്‍ഡിനെതിരെ വെല്ലിങ്ടനില്‍ അരങ്ങേറിയ ടെസ്റ്റ് പോരാട്ടത്തിന്റെ അവസാന ദിനത്തില്‍ പന്തെറിയാന്‍ ഓടുന്നതിനിടെ വീണ് കാല്‍മുട്ടിനു പരിക്കേറ്റതാണ് അദ്ദേഹത്തിനു വിനയായത്.
മത്സരത്തില്‍ അദ്ദേഹം 67 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ നേടി ഫോമില്‍ നില്‍ക്കെയാണ് കളം വിടേണ്ടി വന്നത്. കൗണ്ടി പോരാട്ടത്തില്‍ ഗ്ലോസ്റ്റര്‍ഷെയറിന്റെ സുപ്രധാന പേസറായിരുന്നു ഡേവിഡ് സിഡ്. ജമൈക്കയില്‍ നിന്നു ബ്രിട്ടനിലേക്ക് കുടിയേറിയവരാണ് ലോറന്‍സിന്റെ കുടുംബം. 17ാം വയസ് മുതല്‍ അദ്ദേഹം ഗ്ലോസ്റ്റര്‍ഷെയറിനായി കളിച്ച് തുടങ്ങിയിരുന്നു. അന്ന് സഹ പേസറും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവുമായ കോര്‍ട്‌നി വാല്‍ഷിനൊപ്പമുള്ള അദ്ദേഹത്തിന്റെ അതിവേഗ സ്‌പെല്ലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ക്ലബിനായി 280 മത്സരങ്ങള്‍ കളിച്ച് 625 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.
