പൊരുതി വീണ് ഇംഗ്ലണ്ട്; ജയം ഇന്ത്യക്കൊപ്പം, ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ-ന്യൂസിലന്റ് പോരാട്ടം

Update: 2026-03-05 18:11 GMT

മുംബൈ: ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. അടിമുടി ആവേശം നിറഞ്ഞു നിന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 7 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. 254 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടാന്‍ സാധിച്ചുള്ളൂ. മാര്‍ച്ച് 8ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.

48 പന്തില്‍ 105 റണ്‍സടിച്ച ജേക്കബ് ബെഥേലാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 35 റണ്‍സെടുത്ത വില്‍ ജാക്‌സുമൊത്ത് അഞ്ചാം വിക്കറ്റില്‍ 39 പന്തില്‍ 77 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ബെഥേല്‍ ഇന്ത്യന്‍ ആരാധകരുടെ മനസില്‍ തീ കോരിയിട്ടെങ്കിലും അവസാന മൂന്നോവറില്‍ ഇന്ത്യ എറിഞ്ഞു പിടിച്ചു. അവസാന മൂന്നോവറില്‍ 45 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

പതിനെട്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ഹാര്‍ദ്ദിക് പാണ്ഡ്യ ഒമ്പത് റണ്‍സ് വഴങ്ങി സാം കറന്റെ വിക്കറ്റെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം അവസാന ഓവറില്‍ 30 റണ്‍സായി. ശിവം ദുബെ എറിഞ്ഞ അവസാന ഓവറില്‍ ആദ്യ പന്തില്‍ തന്നെ രണ്ടാം റണ്ണോടിയ ജേക്കബ് ബെഥേലിനെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ത്രോയില്‍ സഞ്ജു സാംസണ്‍ റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷയറ്റു. അടുത്ത രണ്ട് പന്തുകളില്‍ ഓരോ റണ്ണെടുക്കാനെ ആര്‍ച്ചര്‍ക്കും ഓവര്‍ടണും കഴിഞ്ഞുള്ളു. നാലാം പന്തില്‍ വൈഡ് വഴങ്ങിയ ദുബെ അവസാന മൂന്ന് പന്തിലും സിക്‌സ് വഴങ്ങിയെങ്കിലും ഏഴ് റണ്‍സകലെ ഇംഗ്ലണ്ട് വീണു. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 253-7, ഇംഗ്ലണ്ട് 20 ഓവറില്‍ 246-7.

തുടക്കത്തിലെ ഫില്‍ സാള്‍ട്ടിനെ(5) ഹാര്‍ദ്ദിക്ക് മടക്കി. ഹാരി ബ്രൂക്കിനെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ അക്ഷര്‍ പട്ടേല്‍ അവിശ്വസനീയ ക്യാച്ചിലൂടെ പുറത്താക്കി. പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ജോസ് ബട്ലറെ(25) വരുണ്‍ ചക്രവര്‍ത്തി ബൗള്‍ഡാക്കി മടക്കി. ടോം ബാന്റണെ(17) അക്‌സറും മടക്കിയതോടെ അനായാസ ജയം പ്രതീക്ഷിച്ച ഇന്ത്യയെ ഞെട്ടിച്ചാണ് ബെഥേലും ജാക്‌സും തകര്‍ത്തടിച്ച് ഇന്ത്യയെ ഞെട്ടിച്ചത്. വരുണ് ചക്രവര്‍ത്തിയെയും അക്‌സര്‍ പട്ടേലിനെയുമെല്ലാം നിലംതൊടാതെ പറത്തിയ ബെഥേലും ജാക്‌സും ഇംഗ്ലണ്ടിന് അവിശ്വസനീയ ജയത്തിലേക്ക് നയിക്കുമെന്ന ഘട്ടത്തിലാണ് അര്‍ഷ്ദീപിന്റെ പന്തില്‍ ജാക്‌സ് വീണത്. പിന്നീട് സാം കറനെ കൂട്ടുപിടിച്ച് ബെഥേല്‍ പോരാട്ടം തുടര്‍ന്നെങ്കിലും ജസ്പ്രീത് ബുമ്രയെറിഞ്ഞ പതിനെട്ടാം ഓവര്‍ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്ക് തടഞ്ഞു. ഇതിനിടെ ബെഥേല്‍ 45 പന്തില്‍ സെഞ്ചുറിയിലെത്തി. അടുത്ത ഓവറില്‍ ഹാര്‍ദ്ദിക് കറനെയും അവസാന ഓവറിലെ ആദ്യ പന്തില്‍ ബെഥേല്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ ജയമുറപ്പിച്ചു.



ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ 253 റണ്‍സെടുത്തു. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 253 റണ്‍സെടുത്തത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു വെസ്റ്റ്ഇന്‍ഡീസിനെതിരേ കളിച്ച അതേ ഫോം തുടരുകയായിരുന്നു. താരം 42 പന്തില്‍ 89 റണ്‍സെടുത്തു.സഞ്ജു ആണ് മാന്‍ ഓഫ്് ദി മാച്ച്. ഏഴ് സിക്സും എട്ട് ഫോറും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. സഞ്ജുവിനൊപ്പം ഇറങ്ങിയ അഭിഷേക് ശര്‍മ്മയ്ക്ക് (9)തിളങ്ങാനായില്ല. 25പന്തില്‍ 43 റണ്‍സെടുത്ത് റണ്‍ഔട്ടായ ശിവം ഡുബേയും ഇന്ന് തിളങ്ങി. ഇഷാന്‍ കിഷനും വെടിക്കെട്ട് പ്രകടനം നടത്തി. ഇഷാന്‍ 18 പന്തില്‍ 39 റണ്‍സെടുത്തു.അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡെയും (12 പന്തില്‍ 27) തിലക് വര്‍മ്മയും (ഏഴ് പന്തില്‍ 21)മികച്ച ബാറ്റിങ് കാഴ്ചവച്ചു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് (11) ഇന്ന് തിളങ്ങാനായില്ല.ഇംഗ്ലണ്ടിനായി വില്‍ ജാക്സ്, റാഷിദ് എന്നിവര്‍ രണ്ടുവീതം വിക്കറ്റെടുത്തു. ആര്‍ച്ചര്‍ ഒരു വിക്കറ്റാണ് നേടിയത്.





Tags: