ഏഷ്യാകപ്പിലെ ഇന്ത്യാ-പാക് പോര്; ആരാധകര്‍ക്ക് ഞെട്ടല്‍, ദുബായ് ഇന്റനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒഴിഞ്ഞ സീറ്റുകള്‍

Update: 2025-09-14 17:35 GMT

ദുബായ്: ലോകക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പോരാട്ടമാണ് ഇന്ത്യാ-പാകിസ്താന്‍ മല്‍സരം. ക്രിക്കറ്റിലെ എല്‍ക്ലാസ്സിക്കോയെന്നും ഈ പോരാട്ടം അറിയപ്പെടുന്നു. ഞൊടിയിടയിലാണ് ഇന്ത്യാ-പാക് പോരാട്ടങ്ങളുടെ ടിക്കറ്റുകള്‍ വിറ്റു പോകാറ്. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ വ്യത്യാസ്തമായിരുന്നു. പഹല്‍ ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരേയുള്ള ഇന്ത്യയുടെ നിലപാട് തീര്‍ത്തും ഈ പോരാട്ടത്തെ ബാധിച്ചു. ഇന്ത്യാ-പാക് പോരാട്ടത്തിന് ബഹിഷ്‌കരണ ആഹ്വാനം ഏറെ ഉണ്ടായിരുന്നു. എങ്കിലും ഇന്ത്യക്ക് പുറത്തായതിനാലും ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ ഇത് സാരമായി ബാധിക്കുമെന്നതിനാലും മല്‍സരത്തിന് ബിസിസിഐ മൗനാനുവാദം നല്‍കുകയായിരുന്നു.


 എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യാ-പാക് മല്‍സരത്തെ ആരാധകരും കൈവിട്ടു. ടിക്കറ്റ് വില്‍പ്പനയിലെ ഗണ്യമായ കുറവ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ദുബായ് സ്റ്റേഡിയത്തിലെ ഗ്യാലറികളിലെ പല ഭാഗങ്ങളിലും ഒഴിഞ്ഞ കസേരകളായിരുന്നു. ഇത് ശരിക്കും ആരാധകരില്‍ ഞെട്ടല്‍ ഉണ്ടാക്കി.പാകിസ്താന് ദുബായ് അവരുടെ ഹോം ഗ്രൗണ്ട് പോലെയാണ്. ഇക്കാരണത്താല്‍ പാക് ആരാധകര്‍ നിരവധി ഉണ്ടായിരുന്നു. ഇതിന് മുമ്പ് ദുബായില്‍ നടന്ന ഇന്ത്യാ-പാക് മല്‍സരങ്ങള്‍ക്കെല്ലാം തിങ്ങിനിറഞ്ഞ ഗ്യാലറികളാണ് ഉണ്ടാവാറുള്ളത്. എന്നാല്‍ പഹല്‍ഗാം ആക്രമണം ആരാധകരിലും ഏറെ സ്വാധീനം ചെലുത്തിയെന്ന് വ്യക്തം.

മല്‍സരത്തിലെ ടോസ് നിര്‍ണയ സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലിയും പരസ്പരം ഹസ്തദാനം നല്‍കുകയോ നേരില്‍ നോക്കുകയോ ചെയ്തിരുന്നില്ല.







Tags: