അട്ടിമറി എന്നു പറയരുത്, അഫ്ഗാന് അത് ശീലമായി'; അഫ്ഗാനിസ്ഥാനെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങള്‍
ലാഹോര്‍: ഇംഗ്ലണ്ടിനെതിരായ ചാംപ്യന്‍സ് ട്രോഫി വിജയത്തില്‍ അഫ്ഗാനിസ്ഥാനെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങള്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രവി ശാസ്ത്രി, അജയ് ജഡേജ, മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍, പാകിസ്ഥാന്‍ പേസ് ഇതിഹാസം ഷൊയ്ബ് അക്തര്‍ അടക്കമുള്ള താരങ്ങള്‍ അഫ്ഗാന്‍ ടീമിനു അഭിനന്ദനങ്ങളറിയിച്ച് സമൂഹ മാധ്യമത്തില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തു.
'അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ സ്ഥിരമായ, പടി പടിയായുള്ള വളര്‍ച്ച പ്രചോദനം നല്‍കുന്നത്. അവരുടെ വിജയങ്ങളെ ഇനി അട്ടിമറിയെന്നു വിളിക്കരുത്. അവര്‍ ഇതൊക്കെ ഇപ്പോള്‍ ശീലമാക്കിയ ടീമാണ്. ഇബ്രാഹിം സാദ്രാന്റെ സെഞ്ചുറിയും അസ്മതുല്ല ഒമര്‍സായ് വീഴ്ത്തിയ 5 വിക്കറ്റുകളും അവര്‍ക്ക് ജയമൊരുക്കി. അഫ്ഗാന്‍ നന്നായി കളിച്ചു'- സച്ചിന്‍ കുറിച്ചു.
'അഫ്ഗാനിസ്ഥാന്‍ നിങ്ങള്‍ അത്ഭുതങ്ങള്‍ തുടരുക. ഇംഗ്ലണ്ടിനു തോല്‍വിയില്‍ ഒഴിവുകഴിവുകള്‍ പറയാന്‍ അവകാശമില്ല. ഉപ ഭൂഖണ്ഡത്തിലെ സാഹചര്യങ്ങളില്‍ ഇംഗ്ലണ്ടിനു മികവ് പുലര്‍ത്താന്‍ സാധിക്കുന്നില്ല. നിങ്ങള്‍ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ കെല്‍പ്പുള്ള ടീമായി അംഗീകരിക്കാന്‍ സാധിക്കു'- മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി കുറിച്ചു.