ഇടവേളയ്ക്ക് ശേഷം ദിനേഷ് കാര്‍ത്തിക് വീണ്ടും കളത്തില്‍; ഷാര്‍ജ വാരിയേഴ്സിനായി ഐഎല്‍ ട്വന്റി-20യില്‍ അരങ്ങേറും
അബുദാബി: മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും കമന്റേറ്ററുമായ ദിനേഷ് കാര്‍ത്തിക് വീണ്ടും കുട്ടി ക്രിക്കറ്റിലേക്ക്. എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ഇന്റര്‍നാഷണല്‍ ലീഗ് ട്വന്റി-20 (ഐഎല്‍ടി20) പോരാട്ടത്തില്‍ താരം ഇത്തവണ അരങ്ങേറും. ഷാര്‍ജ വാരിയേഴ്സിനായാണ് കാര്‍ത്തിക് കളിക്കാനിറങ്ങുന്നത്. ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസിനു പകരമാണ് കാര്‍ത്തിക് ടീമിലെത്തുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജെപി ഡുമിനിയാണ് ഷാര്‍ജ വാരിയേഴ്സ് പരിശീലകന്‍. അടുത്ത വര്‍ഷം ജനുവരി 10 മുതല്‍ ഫെബ്രുവരി 11 വരെയാണ് ടൂര്‍ണമെന്റ്.
2013ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്‍ ചാംപ്യനായിട്ടുണ്ട് കാര്‍ത്തിക്. 2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിലും 2013ല്‍ ചാംപ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിലും കാര്‍ത്തിക് അംഗമായിരുന്നു. അന്താരാഷ്ട്ര, ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നു വിരമിച്ച ശേഷം കാര്‍ത്തിക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ബാറ്റിങ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തവണ ഐപിഎല്‍ കിരീടം നടാടെ ആര്‍സിബി ഉയര്‍ത്തിയപ്പോള്‍ താരവും കോച്ചിങ് സ്റ്റാഫില്‍ അംഗമായിരുന്നു.
ഇത്തവണ കാര്‍ത്തിക് ബാറ്റിങ് കോച്ചായി ഐപിഎല്ലില്‍ ഇറങ്ങിയപ്പോള്‍ ടീമില്‍ ഓസ്ട്രേലിയന്‍ താരം ടിം ഡേവിഡുമുണ്ടായിരുന്നു. താരത്തിന്റെ ബാറ്റിങ് മികവും കിരീട നേട്ടത്തില്‍ ആര്‍സിബിയെ തുണച്ച വലിയ ഘടകമാണ്. ഇരുവരും ഷാര്‍ജ വാരിയേഴ്സില്‍ ഒന്നിച്ചു കളിക്കുന്നുവെന്ന സവിശേഷതയുണ്ട്. ആര്‍സിബി ജേഴ്സിയില്‍ നേരത്തെ ഫിനിഷര്‍ റോളില്‍ തിളങ്ങിയ താരമായ കാര്‍ത്തികിന്റെ വരവ് ഷാര്‍ജയുടെ കരുത്തു കൂട്ടും.
412 ട്വന്റി-20 മല്‍സരങ്ങളില്‍ 364 ഇന്നിങ്സ് കളിച്ച് 7,437 റണ്‍സാണ് കാര്‍ത്തിക് നേടിയത്. 35 അര്‍ധ സെഞ്ചുറികളും ഈ ഫോര്‍മാറ്റിലുണ്ട്. 136.66 ആണ് സ്ട്രൈക്ക് റേറ്റ്. ഇന്ത്യന്‍ ജേഴ്സിയില്‍ 60 ട്വന്റി-20 മല്‍സരങ്ങള്‍ കളിച്ചു. 48 ഇന്നിങ്സുകള്‍ ബാറ്റ് ചെയ്തു 686 റണ്‍സ് നേടി. 142.61 ആണ് സ്ട്രൈക്ക് റേറ്റ്.
നേരത്തെ ദക്ഷിണാഫ്രിക്കന്‍ ട്വന്റി-20 പോരാട്ടമായ എസ്എ20 പോരാട്ടത്തിലും കാര്‍ത്തിക് കളിച്ചിട്ടുണ്ട്. ഹോങ്കോങ് സിക്സര്‍ ട്വന്റി-20 പോരാട്ടത്തില്‍ സമീപ കാലത്ത് ഇന്ത്യന്‍ ക്യാപ്റ്റനായും കാര്‍ത്തിക് കളത്തിലെത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര, ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നു വിരമിച്ചാല്‍ മാത്രമേ ഇന്ത്യന്‍ താരങ്ങള്‍ക്കു പുറത്തുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് പോരാട്ടങ്ങളില്‍ കളിക്കാന്‍ സാധിക്കു. വിരമിച്ച ശേഷം ബിസിസിഐ അനുമതിയോടെയാണ് താരങ്ങള്‍ക്ക് ഇത്തരത്തില്‍ വിദേശ ലീഗുകളില്‍ കളിക്കാന്‍ അവസരം ലഭിക്കുക. സമീപ ദിവസമാണ് മുന്‍ ഇന്ത്യന്‍ താരവും സ്പിന്‍ ഇതിഹാസവുമായ ആര്‍ അശ്വിന്‍ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിക്കാനായി കരാര്‍ ഒപ്പിട്ടത്. താരം സിഡ്നി തണ്ടറിനായാണ് കളിക്കുന്നത്.

