ഐപിഎല്‍; ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് സീസണ്‍ അവസാനിപ്പിച്ചു; ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം സ്ഥാനത്ത്, ചെന്നൈ അവസാനം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അവസാനസ്ഥാനക്കാരുടെ പോരാട്ടത്തില്‍ ചെന്നൈയെ തകര്‍ത്ത് രാജസ്ഥാന്‍. ആറുവിക്കറ്റിനാണ് ടീമിന്റെ ജയം. ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. വൈഭവ് സൂര്യവംശി അര്‍ധസെഞ്ചുറിയോടെ തിളങ്ങി. നിലവില്‍ ചെന്നൈ ആണ് അവസാനസ്ഥാനത്ത്. ഒരു മത്സരം ബാക്കിയുള്ള ചെന്നൈക്ക് ആറ് പോയന്റുണ്ട്. 14 മത്സരങ്ങളും പൂര്‍ത്തിയായ രാജസ്ഥാന്‍ എട്ട് പോയന്റോടെ ഒമ്പതാം സ്ഥാനത്താണ്.
ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്റേത് മികച്ച തുടക്കമായിരുന്നു. യശസ്വി ജയ്സ്വാള്‍ വെടിക്കെട്ടോടെ കളംനിറഞ്ഞതോടെ രാജസ്ഥാന്‍ സ്‌കോര്‍ മൂന്നോവറില്‍ 31 ലെത്തി. ജയ്സ്വാള്‍(36) പുറത്തായതിന് പിന്നാലെ സഞ്ജുവും വൈഭവും രണ്ടാം വിക്കറ്റില്‍ ഒന്നിച്ചു. പതിയെ ആണ് ഇരുവരും തുടങ്ങിയത്. ചെന്നൈ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ചേര്‍ന്ന് ആറോവറില്‍ സ്‌കോര്‍ അമ്പത് കടത്തി.
സഞ്ജുവിനെ ഒരു വശത്തുനിര്‍ത്തി വൈഭവ് ചെന്നൈ ബൗളര്‍മാരെ തകര്‍ത്തടിച്ചു. 12-ാം ഓവറില്‍ നൂര്‍ അഹമ്മദിനെ അതിര്‍ത്തികടത്തി താരം അര്‍ധസെഞ്ചുറിയും തികച്ചു. 27 പന്തില്‍ നിന്നാണ് വൈഭവ് അര്‍ധസെഞ്ചുറി തികയ്ക്കുന്നത്. പിന്നാലെ സഞ്ജുവും സ്‌കോറുയര്‍ത്തിയതോടെ ടീം 13 ഓവറില്‍ 134-ലെത്തി. പിന്നാലെ രാജസ്ഥാന് തിരിച്ചടി സമ്മാനിച്ച് ചെന്നൈ വിക്കറ്റുകള്‍ പിഴുതു. സഞ്ജുവും(41) വൈഭവും(57) റിയാന്‍ പരാഗും(3) പുറത്തായതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. 158-4 എന്ന നിലയിലേക്ക് വീണു. എന്നാല്‍ ഷിമ്രോണ്‍ ഹെറ്റ്മയറും ധ്രുവ് ജുറെലും ടീമിനെ ജയത്തിലെത്തിച്ചു. 17.1 ഓവറില്‍ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി. ചെന്നൈക്കായി അശ്വിന്‍ രണ്ടുവിക്കറ്റെടുത്തു.
നേരത്തേ ചെന്നൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 12 റണ്‍സിനിടെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. ഡെവോണ്‍ കോണ്‍വേ(10), ഉര്‍വില്‍ പട്ടേല്‍(0) എന്നിവരെ യുധ്വിര്‍ സിങ്ങാണ് പുറത്താക്കിയത്. എന്നാല്‍ ആയുഷ് മാത്രെ തകര്‍ത്തടിച്ചതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. ആയുഷ് സ്‌കോര്‍ അമ്പത് കടത്തി. 20 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത് താരം പുറത്തായി.
പിന്നാലെ വീണ്ടും ചെന്നൈ തകര്‍ച്ച നേരിട്ടു. രവിചന്ദ്രന്‍ അശ്വിന്‍(13), രവീന്ദ്ര ജഡേജ(1) എന്നിവര്‍ വേഗം കൂടാരം കയറിയതോടെ ടീം 78-5 എന്ന നിലയിലായി. ഡെവാള്‍ഡ് ബ്രവിസിന്റെയും ശിവം ദുബെയുടെയും ഇന്നിങ്സാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 25 പന്തില്‍ നിന്ന് 42 റണ്‍സാണ് ബ്രവിസിന്റെ സമ്പാദ്യം. ശിവം ദുബെ 39 റണ്‍സെടുത്ത് പുറത്തായി. നായകന്‍ ധോനി 17 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത് പുറത്തായി. ഒടുവില്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 187 റണ്‍സെടുത്തു. രാജസ്ഥാനുവേണ്ടി യുധ്വിര്‍ സിങ് മൂന്ന് വിക്കറ്റെടുത്തു.

