സിഎസ്‌കെ താരം ഖലീല്‍ അഹമ്മദിന് ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നഷ്ടമാകും

Update: 2026-04-16 08:23 GMT

ചെന്നൈ: ഐപിഎല്‍ 2026 സീസണിലെ അവശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ ഖലീല്‍ അഹമ്മദ് പുറത്തായി. ഏപ്രില്‍ 14ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മല്‍സരത്തിനിടെയേറ്റ ഗുരുതരമായ പരിക്കാണ് താരത്തിന് വിനയായത്. ഈ സീസണില്‍ പവര്‍പ്ലേ ഓവറുകളില്‍ ചെന്നൈയ്ക്ക് നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കിയിരുന്ന താരത്തിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ്. മല്‍സരത്തിനിടെ ഖലീല്‍ അഹമ്മദിന്റെ വലത് തുടയിലെ പേശിക്കാണ് പരിക്കേറ്റത്.

വിശദമായ മെഡിക്കല്‍ പരിശോധനയില്‍ ഗ്രേഡ് 2 വിഭാഗത്തില്‍പ്പെട്ട പേശീ തള്ളല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് 10 മുതല്‍ 12 ആഴ്ച വരെ വിശ്രമവും വിശ്രമമവുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ഈ സീസണില്‍ താരം ഇനി കളിക്കില്ലെന്ന് ഉറപ്പായി. കൊല്‍ക്കത്ത ഇന്നിങ്സിലെ 17-ാം ഓവര്‍ എറിയുന്നതിനിടെയാണ് ഖലീലിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഓവറിലെ അവസാന പന്ത് എറിയാന്‍ ഓടിയടുത്ത താരം വേദനയെത്തുടര്‍ന്ന് പാതിവഴിയില്‍ നിന്നുപോവുകയായിരുന്നു.

തുടര്‍ന്ന് മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടിയ ഖലീല്‍, ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ മൈതാനം വിട്ടു. ഖലീലിന് പകരം ഗുര്‍ജപ്നീത് സിംഗാണ് ആ ഓവര്‍ പൂര്‍ത്തിയാക്കിയത്. ഈ സീസണില്‍ സിഎസ്‌കെ കളിച്ച അഞ്ച് മല്‍സരങ്ങളിലും ഖലീല്‍ ടീമിന്റെ ഭാഗമായിരുന്നു. പരിക്കേല്‍ക്കുന്നതിന് മുന്‍പ് കെകെആറിനെതിരെ മികച്ച സ്പെല്ലാണ് അദ്ദേഹം എറിഞ്ഞത്.

തന്റെ മൂന്ന് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി സുനില്‍ നരൈന്റെ നിര്‍ണായക വിക്കറ്റും ഖലീല്‍ വീഴ്ത്തിയിരുന്നു. ടൂര്‍ണമെന്റ് നിര്‍ണായക ഘട്ടത്തിലേക്ക് കടക്കാനിരിക്കെ ഖലീലിന്റെ പകരക്കാരനെ കണ്ടെത്തുക എന്നത് ചെന്നൈയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.





Tags: