റമദാന്‍ കാലത്ത് മല്‍സരത്തിനിടെ വെള്ളം കുടിച്ച സംഭവം; വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

Update: 2025-08-28 14:13 GMT

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റമദാന്‍ കാലത്ത് മല്‍സരത്തിനിടെ നോമ്പെടുക്കാതെ വെള്ളം കുടിച്ചതിന് തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ചാംപ്യന്‍സ് ട്രോഫി മല്‍സരത്തിനിടെ ഷമി വെള്ളം കുടിക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെയായിരുന്നു താരത്തിനെതിരായ വിമര്‍ശനങ്ങള്‍. യാത്ര ചെയ്യുന്നവര്‍ക്കും, രാജ്യത്തെ പ്രതിനിധീകരിക്കുന്നവര്‍ക്കും അല്ലെങ്കില്‍ ഉപവാസം പാലിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലുള്ളവര്‍ക്കും വിശുദ്ധഗ്രന്ഥമായ ഖുര്‍ആനില്‍ പോലും നോമ്പെടുക്കാതിരിക്കാന്‍ വിശ്വാസികളെ അനുവദിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ ഷമി പറഞ്ഞു.

''42-45 ഡിഗ്രി ചൂടിലാണ് ഞങ്ങള്‍ മല്‍സരങ്ങള്‍ കളിക്കാറ്. സ്വയം ത്യാഗം ചെയ്യുകയാണ് ഞങ്ങള്‍. വിമര്‍ശകര്‍ ഇത് മനസിലാക്കണം. ഞങ്ങളുടെ വിശുദ്ധഗ്രന്ഥത്തില്‍ പോലും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ നോമ്പ് എടുക്കാതിരിക്കാം എന്നു പറയുന്നുണ്ട്. ഞങ്ങളുടെ നിയമത്തില്‍ പോലും ഇത്തരം കാര്യങ്ങളില്‍ ഇളവ് അനുവദിക്കുന്നുണ്ട്. നിങ്ങള്‍ രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുകയോ യാത്ര ചെയ്യുകയോ ചെയ്യുകയാണെങ്കിലാണത്. പിന്നീട് അതിന് വേണ്ട പ്രായശ്ചിത്തം ചെയ്താല്‍ മതി. അത് ഞാന്‍ ചെയ്യാറുമുണ്ട്.'' - ഷമി പറഞ്ഞു.

മാര്‍ച്ചില്‍ ഓസ്ട്രേലിയക്കെതിരായ ചാംപ്യന്‍സ് ട്രോഫി മല്‍സരത്തിനിടെയായിരുന്നു ബൗണ്ടറിക്കരികില്‍ നിന്ന് ഷമി വെള്ളം കുടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചത്. തുടര്‍ന്ന് താരം കടുത്ത സൈബര്‍ ആക്രമണം നേരിട്ടിരുന്നു.



Tags: