ക്രിക്കറ്റ് ലോകം ഞെട്ടലില്‍; മുന്‍ ഓസിസ് താരം ഡേമിയന്‍ മാര്‍ട്ടിന്റെ നില ഗുരുതരം
സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേമിയന്‍ മാര്‍ട്ടിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗുരുതരാവസ്ഥയിലായ താരം ഇപ്പോഴും കോമയില്‍ തുടരുകയാണ്. 54 വയസ്സുകാരനായ താരം മെനിഞ്ചൈറ്റിസ് ബാധിച്ച് ചികിത്സയിലാണെന്നും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബോക്‌സിങ് ഡേ ടെസ്റ്റിനിടെ മാര്‍ട്ടിന്റെ ആരോഗ്യസ്ഥിതി വഷളായതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മാര്‍ട്ടിന് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും ഉടന്‍ തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്നും അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ഡാരിന്‍ ലേമാന്‍ എക്‌സില്‍ കുറിച്ചു. മാര്‍ട്ടിന് വിദഗ്ധ ചികിത്സ തന്നെ ലഭ്യമാക്കുന്നുണ്ടെന്ന് അടുത്ത സുഹൃത്തും മുന്‍ ഓസീസ് താരവുമായ ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞു. മാര്‍ട്ടിനും കുടുംബത്തിനുമൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും ഗില്‍ക്രിസ്റ്റ് പ്രതികരിച്ചു.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 67 ടെസ്റ്റുകളും 208 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് മാര്‍ട്ടിന്‍. 1999ലും 2003 ലും ഏകദിന ലോകകപ്പ് വിജയിച്ച ഓസീസ് ടീമിലും മാര്‍ട്ടിന്‍ അംഗമായിരുന്നു. 2003 ലെ ഫൈനലില്‍ മുറിവേറ്റ വിരലുമായി ബാറ്റുചെയ്ത് ഇന്ത്യയ്‌ക്കെതിരെ അര്‍ധ സെഞ്ചുറി. അന്ന് പുറത്താകാതെ 88 റണ്‍സ് അടിച്ചെടുത്ത മാര്‍ട്ടിന്‍ റിക്കി പോണ്ടിങ്ങുമായി 234 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഓസീസിനെ ലോകകിരീടത്തിലേക്ക് നയിച്ചത്. 2006 ല്‍ ചാംപ്യന്‍സ് ട്രോഫി വിജയിച്ച ടീമിലും അംഗമായിരുന്നു.
1992-93 വര്‍ഷം വെസ്റ്റിന്‍ഡീസിനെതിരെ തന്റെ 21ാം വയസ്സിലായിരുന്നു മാര്‍ട്ടിന്‍ ടെസ്റ്റില്‍ രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. 23ാം വയസ്സില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ടീമിന്റെ ക്യാപ്റ്റനായി. ടെസ്റ്റില്‍ 13 സെഞ്ചുറികള്‍ നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 2005ല്‍ ന്യൂസീലന്‍ഡിനെതിരെ സ്വന്തമാക്കിയ 165 റണ്‍സാണ്. 2006-07ല്‍ അഡ്‌ലെയ്ഡില്‍ നടന്ന ആഷസ് ടെസ്റ്റിലാണ് അവസാനമായി കളിച്ചത്.
