ലോകകപ്പില്‍ ക്ലാസ്സിക്ക് പക വീട്ടല്‍; ചാംപ്യന്‍മാരെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് കിവികള്‍ തുടങ്ങി

Update: 2023-10-05 17:31 GMT


അഹ്‌മദാബാദ്: 2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് കൈവിട്ട കിരീടത്തിന് പക വീട്ടി ന്യൂസിലന്റ് 2023 ലോകകപ്പ് വിജയത്തോടെ തുടങ്ങി. ഇംഗ്ലണ്ടിനെതിരേ നടന്ന മല്‍സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് കിവികള്‍ അടിച്ചെടുത്തത്. 283 എന്ന ലക്ഷ്യം 36.2 ഓവറില്‍ വെറും ഒരു വിക്കറ്റ് നഷ്ടത്തിലാണ് കിവികള്‍ മറികടന്നത്. ഡെവണ്‍ കോണ്‍വെ, റചിന്‍ രവിന്ദ്ര എന്നിവരുടെ സെഞ്ചുറികളാണ് ന്യൂസിലന്റിന് വന്‍ ജയമൊരുക്കിയത്. കോണ്‍വെ 121 പന്തില്‍ 152 റണ്‍സ് നേടിയപ്പോള്‍ രവിന്ദ്ര 96 പന്തില്‍ 123 റണ്‍സ് നേടി. ഇരുവരും പുറത്താവാതെ നിന്നാണ് വില്ല്യംസണിന്റെ ടീമിനെ ജയിപ്പിച്ചത്.

ന്യൂസിലന്റിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 282 റണ്‍സെടുത്തു. ടോസ് ലഭിച്ച ന്യൂസിലന്റ് ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലിഷ് പട ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 77 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ് സ്‌കോറര്‍. ബട്ലര്‍ 43ഉം ബെയര്‍സ്റ്റോ 33 ഉം റണ്‍സെടുത്തു. കിവി ബൗളിങിന് മുന്നില്‍ ഇംഗ്ലിഷ് പട പലപ്പോഴും പതറിയിരുന്നു. ന്യൂസിലന്ററിനായി ഹെന്ററി മൂന്നും സാന്റനര്‍, ഫിലിപ്പിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.


Tags: