ബംഗ്ലാദേശ് താരത്തെ ഒഴിവാക്കിയ വിവാദം; ട്വന്റി-20 ലോകകപ്പില്‍ പുതിയ മല്‍സരക്രമം തയ്യാറാക്കാന്‍ ഐസിസി
ധാക്ക: ട്വന്റി-20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിന് പിന്നാലെ പുതിയ മല്‍സരക്രമം തയ്യാറാക്കാന്‍ ഐസിസി. മല്‍സരങ്ങള്‍ നിഷ്പക്ഷവേദിയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ്യം ഉന്നയിച്ചതോടെയാണ് ഷെഡ്യൂളില്‍ മാറ്റം വരുത്താനൊരുങ്ങുന്നത്.ബംഗ്ലാദേശ് ടീമിന്റെ മല്‍സരങ്ങള്‍ ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാനാണ് സാധ്യത. ലോകകപ്പില്‍ കൊല്‍ക്കത്തയില്‍ മൂന്നും മുംബൈയില്‍ ഒന്നും ഉള്‍പ്പെടെ നാല് മല്‍സരങ്ങളാണ് ബംഗ്ലാദേശിന് ഇന്ത്യയിലുള്ളത്.
പുതിയ ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഐസിസി ആരംഭിച്ചുകഴിഞ്ഞു. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കേ പുതിയ മല്‍സരക്രമം നിശ്ചയിക്കുക എന്നത് വലിയ വെല്ലുവിളിയുമാണ്. ബംഗ്ലാദേശിന്റെ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റിക്കൊണ്ടാകും പുതിയ ഷെഡ്യൂള്‍ പുറത്തിറക്കുക.
വേദി മാറ്റത്തിന് ജയ് ഷാ ചെയര്‍മാനായുള്ള ഐസിസി അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ചേക്കും എന്നാണ് വിവരം. ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്താഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ടൂര്‍ണമെന്റില്‍നിന്ന് വിലക്കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അതോടെ അടുത്തമാസം നടക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുകയായിരുന്നു.