ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പെരുമാറ്റച്ചട്ട ലംഘനം; സൂര്യകുമാറിന് പിഴയും ഡീമെറിറ്റ് പോയിന്റും, റൗഫിന് വിലക്ക്
ദുബായ്: യുഎഇയില്‍ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യയുടെ ട്വന്റി-20 ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാകിസ്താന്‍ പേസര്‍ ഹാരിസ് റൗഫും കുറ്റക്കാരാണെന്ന് കണ്ടെത്തി ഐസിസി. സെപ്റ്റംബര്‍ 14, 21, 28 തിയ്യതികളില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന മത്സരങ്ങളിലെ വിവിധ സംഭവങ്ങളില്‍ ഐസിസി എലൈറ്റ് പാനലിനെ മാച്ച് റഫറിമാരാണ് വാദം കേട്ടത്. ഇതില്‍ സ്വീകരിച്ച നടപടികളാണ് ചൊവ്വാഴ്ച ഐസിസി ഔദ്യോഗികമായി അറിയിച്ചത്.
സെപ്റ്റംബറിന് 14നു നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിലെ വിജയത്തിനു പിന്നാലെ പഹല്‍ഗാം ആക്രമണത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനും വിജയം സൈനികര്‍ക്ക് സമര്‍പ്പിച്ചതിനും സൂര്യകുമാര്‍ യാദവിനു മാച്ച് ഫീയുടെ 30 ശതമാനം പിഴയും രണ്ടു ഡീമെറിറ്റ് പോയിന്റും ചുമത്തി. സൂര്യകുമാറിനെതിരെ പാകിസതാന്‍ പരാതി നല്‍കിയിരുന്നു.
21നും 28നും യഥാക്രമം നടന്ന സൂപ്പര്‍ ഫോര്‍, ഫൈനല്‍ മത്സരങ്ങളിലെ 'ആംഗ്യപ്രകടനത്തിന്' ആണ് പാക് പേസര്‍ ഹാരിസ് റൗഫിനെതിരെ നടപടി. ഇരു മത്സരങ്ങള്‍ക്കും മാച്ച് ഫീയുടെ 30 ശതമാനവും വീതം പിഴയും രണ്ടു ഡീമെറിറ്റ് പോയിന്റുകള്‍ വീതവും ചുമത്തി. 24 മാസത്തിനിടെ നാല് ഡീമെറിറ്റ് പോയിന്റ് ലഭിച്ചതോടെ രണ്ടു മത്സരങ്ങള്‍ക്ക് റൗഫ് വിലക്ക് നേരിടേണ്ടി വരും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യത്തെയും രണ്ടാമത്തെയും ഏകദിന മത്സരത്തില്‍ ഹാരിസ് റൗഫ് കളിക്കില്ല.
സൂപ്പര്‍ ഫോര്‍ മാച്ചിനിടെ ബാറ്റുകൊണ്ട് 'വെടിയുതിര്‍ത്ത' പാക് ഓപ്പണര്‍ സാഹിബ്സാദാ ഫര്‍ഹാന് ഐസിസി താക്കീത് നല്‍കി. താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റുമുണ്ട്. ഫര്‍ഹാനെതിരെ ബിസിസിഐ പരാതി നല്‍കിയിരുന്നു. ഫൈനല്‍ മത്സരത്തിനിടെ 'വിമാന ആംഗ്യം' കാണിച്ച ജസ്പ്രീത് ബുമ്രയ്‌ക്കെതിരെയും നടപടിയുണ്ട്. താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റ് നല്‍കിയതായി ഐസിസി അറിയിച്ചു. താരം കുറ്റം ഏറ്റെടുത്തതിനാലാണ് ഒരു ഡീമെറിറ്റ് പോയിന്റില്‍ ഒതുക്കിയത്. അതേസമയം, സൂപ്പര്‍ 4 മത്സരത്തിനിടെ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപിനെതിരെ ഉയര്‍ന്ന പരാതിയില്‍ കഴമ്പില്ലെന്ന് ഐസിസി വ്യക്തമാക്കി. ഇതിനാല്‍ താരത്തെ നടപടികളില്‍നിന്ന് ഒഴിവാക്കി.
