2026 ഐപിഎല്ലിന് ചിന്നസ്വാമി വേദിയാവില്ല: ആര്‍സിബി ഹോം മാച്ചുകള്‍ക്ക് പുതിയ വേദി
ബെംഗളൂരു: ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇത്തവണ ഐപിഎല്‍ മല്‍സരങ്ങള്‍ ഉണ്ടാവില്ല. മല്‍സരങ്ങള്‍ നടത്താന്‍ അനുയോജ്യമല്ലാത്തതിനാല്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ 2026 ലെ എല്ലാ ഹോം മല്‍സരങ്ങളും മറ്റൊരു വേദിയിലേക്ക് മാറ്റുമെന്നാണ് റിപോര്‍ട്ട്. ഐപിഎല്‍ 2025ലെ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിക്കാനിടയായിരുന്നു.
ലീഗിന്റെ വരാനിരിക്കുന്ന പതിപ്പിലെ ഒരു മത്സരവും പ്രശസ്തമായ സ്റ്റേഡിയത്തില്‍ നടക്കില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആര്‍സിബിയുടെ എല്ലാ ഹോം മല്‍സരങ്ങളും പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) സ്റ്റേഡിയത്തിലേക്ക് മാറ്റിയേക്കും. ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ അന്തിമ പ്രഖ്യാപനമായിട്ടില്ല.
ആര്‍സിബിയുടെ മല്‍സരങ്ങള്‍ക്ക് പൂനെ സ്റ്റേഡിയം വാഗ്ദാനം ചെയ്തതായി എംസിഎ സെക്രട്ടറി കമലേഷ് പൈ സ്ഥിരീകരിച്ചു. 'ആര്‍സിബിയുടെ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ പൂനെ സ്റ്റേഡിയം സജ്ജമാണ്. ചര്‍ച്ചകള്‍ നടന്നുവരുന്നു, സ്ഥിരീകരിച്ചിട്ടില്ല. കര്‍ണാടകയില്‍ ദുരന്തമുണ്ടായതിനാല്‍ അവര്‍ക്ക് ചില പ്രശ്‌നങ്ങളുണ്ട്. അതിനാല്‍, അവര്‍ ഒരു വേദി അന്വേഷിക്കുകയാണ്. ഞങ്ങള്‍ അവര്‍ക്ക് ഞങ്ങളുടെ സ്റ്റേഡിയം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, പരിഹരിക്കേണ്ട ചില സാങ്കേതിക കാര്യങ്ങളുണ്ട്. കാര്യങ്ങള്‍ ശരിയായാല്‍, പൂനെ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും'- എംസിഎ സെക്രട്ടറി വെളിപ്പെടുത്തി.
