ചെന്നൈ: ഐപിഎല്‍ സീസണ് മുന്നോടിയായി ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചയായ നിയമപോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് തിരിച്ചടി. സൂപ്പര്‍ താരം രജനീകാന്തിന്റെ സിനിമകളിലെ ഗാനങ്ങള്‍ പ്രൊമോഷണല്‍ വീഡിയോകളില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സണ്‍ ടിവി ഫയല്‍ ചെയ്ത 1 കോടി രൂപയുടെ മാനനഷ്ടക്കേസിനെത്തുടര്‍ന്ന്, വിവാദമായ വീഡിയോകള്‍ സിഎസ്‌കെ നീക്കം ചെയ്തു. സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഉടമകളായ സണ്‍ ടിവി നെറ്റ്വര്‍ക്ക് മദ്രാസ് ഹൈക്കോടതിയിലാണ് സിഎസ്‌കെക്കെതിരെ പകര്‍പ്പവകാശ ലംഘനത്തിന് കേസ് നല്‍കിയത്.
രജനീകാന്ത് ചിത്രങ്ങളായ 'ജയിലര്‍', 'ജയിലര്‍ 2', 'കൂലി' എന്നിവയിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും ജേഴ്സി വില്‍പന പ്രൊമോകളിലും ഉപയോഗിച്ചു എന്നാണ് സണ്‍ പിക്‌ചേഴ്‌സിന്റെ വാദം. ഈ സിനിമകളുടെ പകര്‍പ്പവകാശം സണ്‍ ടിവിക്കാണെന്നിരിക്കെ, ഇത് വാണിജ്യപരമായ ലാഭത്തിന് വേണ്ടി സിഎസ്‌കെ ദുരുപയോഗം ചെയ്തുവെന്ന് കോടതിയില്‍ ബോധിപ്പിച്ചു.
കോടതി നടപടികളെത്തുടര്‍ന്ന് സിഎസ്‌കെ അധികൃതര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിവാദമായ എല്ലാ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തു. ഇനിമുതല്‍ കൃത്യമായ ലൈസന്‍സ് ഇല്ലാതെ സണ്‍ പിക്‌ചേഴ്‌സിന്റെ ഗാനങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പുനല്‍കി. എന്നാല്‍, തങ്ങള്‍ ഡിലീറ്റ് ചെയ്ത വീഡിയോകള്‍ ആരാധകരോ മറ്റ് മൂന്നാം കക്ഷികളോ വീണ്ടും പങ്കുവെച്ചാല്‍ അതില്‍ ഉത്തരവാദിത്തമുണ്ടാവില്ലെന്നും സിഎസ്‌കെ വ്യക്തമാക്കി.
ഗാനങ്ങള്‍ ഉപയോഗിക്കാന്‍ മ്യൂസിക് ഏജന്‍സികളില്‍ നിന്ന് ലൈസന്‍സ് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ സണ്‍ ടിവി അതില്‍ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്ന് സിഎസ്‌കെ കോടതിയില്‍ ആവശ്യപ്പെട്ടു. സിഎസ്‌കെ സ്വമേധയാ വീഡിയോകള്‍ നീക്കം ചെയ്ത സാഹചര്യത്തില്‍ താല്‍ക്കാലിക സ്റ്റേ ഉത്തരവ് കോടതി ഒഴിവാക്കി. എന്നാല്‍ 1 കോടി രൂപയുടെ നഷ്ടപരിഹാര കേസ് പിന്‍വലിക്കണമോ എന്ന കാര്യത്തില്‍ 2026 ഏപ്രില്‍ 6-നകം തീരുമാനം അറിയിക്കാന്‍ ജസ്റ്റിസ് സണ്‍ ടിവിയോട് നിര്‍ദ്ദേശിച്ചു.
