ഹൈദരാബാദ്: ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ മിന്നും വിജയം നേടി സണ്‍റൈസേഴ്സ് ഹൈദരാബാദ്. 10 റണ്‍സിനാണ് ഹൈദരാബാദ് ചെന്നൈയെ എറിഞ്ഞിട്ടത്. നിശ്ചിത ഓവറില്‍ 184 റണ്‍സാണ് ചെന്നൈ നേടിയത്. എട്ട് വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. ഹൈദരാബാദിനായി ഇഷാന്‍ മലിംഗ മൂന്ന് വിക്കറ്റുകള്‍ നേടി. നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്ററും പ്രഫുല്‍ ഹിങ്കെ ഒരു വിക്കറ്റും നേടി. വിജയത്തോടെ ഹൈദരാബാദ് പോയന്റ് ടേബിളില്‍ നാലാമത് എത്തി.
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ജു സാംസണ്‍ വെറും ഏഴ് റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. നിതീഷ് റെഡ്ഡിയായിരുന്നു സഞ്ജുവിനെ പുറത്താക്കിയത്. പിന്നാലെ നായകന്‍ ഋതുരാജ് ഗെയ്ഗ്വാദും ആയുഷ് മാത്രേയും ടീമിനെ മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും അധികദൂരം പോകാനായില്ല. 13 പന്തില്‍ 19 റണ്‍സാണ് ഋതുരാജിന് കൂട്ടിചേര്‍ക്കാനായത്. 13 പന്തില്‍ ആയുഷ് മാത്രേ 30 റണ്‍സെടുത്തു. 19 പന്തില്‍ 25 റണ്‍സായിരുന്നു സര്‍ഫ്രാസ് ഖാന്റെ സംഭാവന.
ചെന്നൈയുടെ പ്രതീക്ഷകളെല്ലാം ഡെവാള്‍ഡ് ബ്രെവിസിന്റെ തോളിലായിരുന്നു. എന്നാല്‍ നാല് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെയാണ് ബ്രെവിസ് മടങ്ങിയത്. ശിവാങ്ക് കുമാറാണ് ബ്രെവിസിന്റെ പൊന്നും വിലയുള്ള വിക്കറ്റെടുത്തത്. 29 പന്തില്‍ 34 റണ്‍സുമായി മാറ്റ് ഷോര്‍ട്ട് ചെന്നൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അനികേത് വര്‍മയുടെ അസാധ്യ ക്യാച്ചില്‍ പുറത്തായി. പിന്നാലെ 21 റണ്‍സെടുത്ത് ശിവം ദൂബെയും പുറത്തായി.
നേരത്തെ, ചെന്നൈയ്ക്കെതിരെ ഒരിക്കല്‍ കൂടെ 200 കടക്കാനാകാതെയാണ് ഹൈദരാബാദ് തങ്ങളുടെ ഇന്നിങ്സ് പൂര്‍ത്തിയാക്കിയത്. അഭിഷേക് ശര്‍മയുടെ മിന്നും അര്‍ധ സെഞ്ചുറിയുടെ മികവില്‍ ചെന്നൈയ്ക്കെതിരായ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറിലെത്തിയ എസ്ആര്‍എച്ച് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. 15 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയുടെ വെടിക്കെട്ടിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. 22 പന്തില്‍ 59 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. ആറ് ഫോറും നാല് സിക്സും ഉള്‍പ്പെടുന്നതാണ് അഭിഷേകിന്റെ ഇന്നിങ്സ്.
ട്രാവിസ് ഹെഡ് 20 പന്തില്‍ 23 റണ്‍സും നേടിയപ്പോള്‍ പിന്നാലെ വന്ന ഹെന്‍ റിച്ച് ക്ലാസെന്‍ തകര്‍ത്താടി. 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്സറുകളുമായി 59 റണ്‍സാണ് ക്ലാസെന്‍ നേടിയത്. മധ്യനിരയില്‍ നിതീഷ് കുമാര്‍ റെഡ്ഡി 12 റണ്‍സും, സലില്‍ അറോറ 13 റണ്‍സും നേടിയപ്പോള്‍ ലോവര്‍ ഓര്‍ഡറില്‍ എട്ട് പന്തില്‍ 12 റണ്‍സ് നേടി ശിവാങ്ക് കുമാറും സംഭാവന ചെയ്തു.
ചെന്നൈ ബൗളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത അന്‍ശുല്‍ കംബോജ് ആണ്. നിര്‍ണായകമായ ക്ലാസെന്റെ വിക്കറ്റും കംബോജാണ് നേടിയത്. ജാമി ഓവര്‍ടണും 3 വിക്കറ്റ് നേടിയപ്പോള്‍ മുകേഷ് ചൗധരി രണ്ട് വിക്കറ്റും, ഗുര്‍ജപ്നീത് സിങ് ഒരു വിക്കറ്റും നേടിയത്.

