ചണ്ഡീഗഡ് വിമാനത്താവളം അടച്ചു; ധരംശാലയില്‍ നടക്കേണ്ട പഞ്ചാബ്-മുംബൈ ഐപിഎല്‍ മല്‍സരം മുംബൈയിലേക്ക് മാറ്റി

Update: 2025-05-07 16:37 GMT

ധരംശാല: പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ ഈ മാസം 11ന് ധരംശാലയില്‍ നടക്കേണ്ടിയിരുന്ന പഞ്ചാബ് കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് മല്‍സരത്തിന്റെ വേദി മുംബൈയിലേക്ക് മാറ്റി. മുന്‍കരുതലെന്ന നിലയിലാണ് പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമാനത്താവളങ്ങള്‍ മെയ് 10വരെ അടച്ചിടാന്‍ കേന്ദസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി ചണ്ഡീഗഡ് വിമാനത്താവളം അടച്ചിട്ടതോടെയാണ് പഞ്ചാബ്-മുംബൈ മല്‍സരവേദി മുംബൈയിലേക്ക് മാറ്റിയത്.

മെയ് 11ന് നടക്കേണ്ട പഞ്ചാബ് കിംഗ്‌സിനെതിരായ മല്‍സരത്തിനായി മുംബൈ താരങ്ങള്‍ ചണ്ഡീഗഡിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. മെയ് 10വരെ വിമാനത്താവളം അടച്ചിട്ടതിനാല്‍ റോഡ് മാര്‍ഗം ഡല്‍ഹി വഴി മാത്രമെ മുംബൈ ടീമിന് ധരംശാലയില്‍ എത്താന്‍ കഴിയുവെന്നതിനാലാണ് വേദി മുംബൈയിലേക്ക് മാറ്റിയത്. ദീര്‍ഘദൂരം റോഡ് യാത്ര വേണ്ടിവരുമെന്നതിനാലാണ് വേദി മാറ്റമെന്നാണ് റിപോര്‍ട്ട്.

ഐപിഎല്ലില്‍ നാളെ ധരംശാലയില്‍ നടക്കേണ്ട പഞ്ചാബ്-ഡല്‍ഹി മത്സരവുമായി മുന്നോട്ടുപോകണോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ഐപിഎല്‍ ഭരണസമിതി ചര്‍ച്ച നടത്തി വരികയാണ്. പഞ്ചാബ്, ഡല്‍ഹി ടീമുകള്‍ നിലവില്‍ ധരംശാലയിലാണുള്ളത്. ചണ്ഡീഗഡ് വിമാനത്താവളം അടച്ചതിനാല്‍ നാളത്തെ മത്സരശേഷമുള്ള ഡല്‍ഹി ടീമിന്റെ തിരിച്ചുപോക്കിനെയും ബാധിക്കാനിടയുണ്ട്.

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് 60 കിലോ മീറ്റര്‍ മാത്രം അകലെയാണ് 20000 പേര്‍ക്കിരിക്കാവുന്ന ധരംശാല സ്റ്റേഡിയം. അതേസമയം പഞ്ചാബ്-മുംബൈ മത്സരവേദി മുംബൈയിലേക്ക് മാറ്റിയെങ്കിലും മത്സരം മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെയില്‍ ആയിരിക്കില്ല നടത്തുകയെന്നും സൂചനയുണ്ട്.മുംബൈക്ക് അധിക ആനുകൂല്യം ലഭിക്കാതിരിക്കാനായി മത്സരം മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലോ ബ്രാബോണ്‍ സ്റ്റേഡിയത്തിലോ നടത്തുന്നതിനെക്കുറിച്ചും ബിസിസിഐ ആലോചിക്കുന്നുണ്ട്. എന്നാല്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ ഇവിടെ വേദി സജ്ജമാക്കാനാകുമോ എന്നാണ് ആശങ്ക.






Tags: