ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് സെമി; ദുബായില്‍ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം ഉച്ചയ്ക്ക് 2.30ന്
ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ആദ്യ സെമി. കരുത്തരായ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ഏറ്റുമുട്ടുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് സെമി. ടീമിലെ പ്രധാന ബൗളര്‍മാര്‍ ആരുമില്ലാതെയാണ് ഓസീസിന്റെ വരവ്. ഇന്ത്യയാകട്ടെ സ്പിന്‍ ബൗളിങ് കരുത്തില്‍ തുടര്‍ച്ചയായ മൂന്നുജയം നേടിയതിന്റെ ആത്മവിശ്വാസത്തിലും.
ഏകദിനലോകകപ്പുകളില്‍ 14 തവണയാണ് ഇന്ത്യയും ഓസീസും പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ മേല്‍ക്കൈ ഓസ്ട്രേലിയയ്ക്കാണ്. ഓസീസ് 9 തവണ വിജയിച്ചപ്പോള്‍ അഞ്ച് തവണയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. 1983-ലെ ലോകകപ്പില്‍ ആദ്യമായി ഏറ്റുമുട്ടിയപ്പോള്‍ ഓസീസ് 162 റണ്‍സിനാണ് വിജയിച്ചുകയറിയത്. അതേ ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ 118 റണ്‍സ് ജയവുമായി പകരം വീട്ടി. അന്നുമുതല്‍ ഇങ്ങോട്ട് ഏകദിനലോകകപ്പുകളില്‍ ഇന്ത്യ-ഓസീസ് പോരാട്ടം വേറിട്ടുനില്‍ക്കുന്നു. 2003,2023 വര്‍ഷങ്ങളിലാണ് ലോകകപ്പ് ഫൈനലുകളില്‍ ഇന്ത്യയും ഓസീസും ഏറ്റുമുട്ടിയത്. രണ്ടിലും ഇന്ത്യ തോറ്റു. സെമിയില്‍ ഏറ്റുമുട്ടിയ 2015-ലും ജയം ഓസീസിനൊപ്പമായിരുന്നു.
എന്നാല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കാണ് മേല്‍ക്കൈ. നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് വട്ടം ഇന്ത്യ ജയം സ്വന്തമാക്കിയപ്പോള്‍ ഒരു തവണ മാത്രമാണ് ഓസീസിന് ജയിക്കാനായത്. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. 1998,2000 വര്‍ഷങ്ങളില്‍ നടന്ന ചാംപ്യന്‍സ് ട്രോഫി ക്വാര്‍ട്ടറിലാണ് ഇന്ത്യ ഓസീസിനെ കീഴടക്കിയത്. 2006-ലെ ഗ്രൂപ്പ് മത്സരത്തില്‍ ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ 2009-ലെ പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു.