ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ബുംറയ്ക്ക്; ട്വന്റിയില്‍ അര്‍ഷദീപ്; ഏകദിന വനിതാ താരം സ്മൃതി മന്ദാന

Update: 2025-01-27 17:13 GMT

ന്യൂഡല്‍ഹി: ഐസിസിയുടെ 2024-ലെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ. പോയ വര്‍ഷം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഉള്‍പ്പെടെ ബുംറ ആവര്‍ത്തിച്ച മികവ് കണക്കിലെടുത്താണ് ബഹുമതി. ടെസ്റ്റില്‍ കഴിഞ്ഞവര്‍ഷം 13 മത്സരങ്ങളില്‍നിന്നായി 357 ഓവര്‍ എറിഞ്ഞ ബുംറ, 71 വിക്കറ്റുകള്‍ നേടിയിരുന്നു. 14.92 ശരാശരി പ്രകടനമാണ് നടത്തിയത്.

ശ്രീലങ്കയുടെ കമിന്ദു മെന്‍ഡിസ്, ഇംഗ്ലീഷ് ബാറ്റര്‍മാരായ ഹാരി ബ്രൂക്ക്, ജോ റൂട്ട് എന്നിവരെ മറികടന്നാണ് ബുംറ 2024-ലെ ഏറ്റവും മികച്ച ടെസ്റ്റ് താരമായത്. ടെസ്റ്റില്‍ ഒരുവര്‍ഷം എഴുപതിലധികം വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ബുംറ. നേരത്തേ രവിചന്ദ്രന്‍ അശ്വിന്‍, അനില്‍ കുംബ്ലെ, കപില്‍ദേവ് എന്നിവര്‍ ഈ നേട്ടം കൈവരിച്ചിരുന്നു.

പോയവര്‍ഷത്തെ വനിതാ ഏകദിന ക്രിക്കറ്റര്‍ ബഹുമതി ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്കാണ്. 13 ഏകദിന ഇന്നിങ്സുകളില്‍ നിന്നായി 747 റണ്‍സ് നേടിയാണ് സ്മൃതി 2024-ലെ ഏറ്റവും മികച്ച താരമായത്. ലോറ വോള്‍വാര്‍ട്ട് (697), താമി ബെമൗണ്ട് (554), ഹീലി മാത്യൂസ് (469) എന്നിവരെ മറികടന്നാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ തലപ്പത്തെത്തിയത്. സ്മൃതി 2018-ലും ഐ.സി.സി.യുടെ കണക്കിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അഫ്ഗാനിസ്താന്‍ ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായ് ആണ് ഐ.സി.സി.യുടെ 2024-ലെ ഏറ്റവും മികച്ച പുരുഷ ഏകദിന ക്രിക്കറ്റര്‍. പുരുഷ ട്വന്റി-20 ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി ഇന്ത്യയുടെ തന്നെ അര്‍ഷ്ദീപ് സിങ്ങിനെയും തിരഞ്ഞെടുത്തു. 2024-ലെ ട്വന്റി-20 ലോകകപ്പ് നേട്ടമുള്‍പ്പെടെ അര്‍ഷ്ദീപിന് തുണയായി. 18 മത്സരങ്ങളില്‍നിന്ന് 36 വിക്കറ്റുകളാണ് അര്‍ഷ്ദീപ് നേടിയത്.





Tags: