ബഹിഷ്‌കരണ വിവാദം; ലോകകപ്പിനായി കൊളംബോയിലേക്ക് ടിക്കറ്റെടുത്ത് പാകിസ്താന്‍
കൊളംബോ:2026 ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പ് ബഹിഷ്‌കരണമടക്കമുള്ള നാടകീയ നീക്കങ്ങളില്‍ നിന്ന് ഉള്‍വലിഞ്ഞ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കളിക്കില്ലെന്ന് പ്രഖ്യാപിച്ച ബംഗ്ലാദേശിനെ ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് മാറ്റിയതിനെ തുടര്‍ന്നാണ് പാകിസ്താന്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കിയത്. ബംഗ്ലാദേശിന് പിന്തുണ നല്‍കുക എന്നതായിരുന്നു ബഹിഷ്‌കരണ ഭീഷണിയിലൂടെയുള്ള പാക് നീക്കം. ലോകകപ്പ് പൂര്‍ണ്ണമായി ബഹിഷ്‌കരിച്ചില്ലെങ്കിലും ഇന്ത്യയുമായുള്ള മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും ഇന്ത്യയ്‌ക്കെതിരെ മല്‍സരത്തിനിറങ്ങിയാല്‍ കറുത്ത ആം ബാന്‍ഡ് ധരിക്കുമെന്നുമെല്ലാമായിരുന്നു പാകിസ്താന്റെ ആ ഭീഷണി.
എന്നാല്‍ ലോകകപ്പില്‍ പങ്കെടുക്കാനായി പാകിസ്താന്‍ ക്രിക്കറ്റ് ടീം കൊളംബോയിലേക്ക് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ലാഹോറില്‍ നടക്കുന്ന ട്വന്റി-20 പരമ്പരയ്ക്കായി പാകിസ്താനിലെത്തിയ ഓസ്‌ട്രേലിയയ്‌ക്കൊപ്പമാണ് പാക് ടീം ശ്രീലങ്കയിലേക്ക് വിമാനം കയറുന്നത്. പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലോകകപ്പ് ബഹിഷ്‌കരണ നീക്കം ഉപേക്ഷിക്കാന്‍ തീരുമാനമായത്.
ബംഗ്ലാദേശിനോടുള്ള ഐക്യദാര്‍ഢ്യം നിലനിര്‍ത്തുമ്പോഴും ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുന്നത് ഐസിസിയില്‍ നിന്ന് ലഭിക്കുന്ന ഫണ്ടും പാക് ടീമിന്റെ അന്താരാഷ്ട്ര പദവിയും നഷ്ടമാകാന്‍ ഇടയാക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കൂടിക്കാഴ്ചയില്‍ മുന്നറിയിപ്പ് നല്‍കി. ലോകകപ്പില്‍ നിന്ന് പിന്മാറിയാല്‍ ഏകദേശം 320 കോടിയുടെ നഷ്ടപരിഹാര കേസ് പാകിസ്താന്‍ നേരിടേണ്ടി വരുമെന്നതാണ് വിവരം. ഇതോടെയാണ് സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഭയന്ന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പാക് സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും തീരുമാനിച്ചത്.
