ഇന്ത്യ-പാക് മല്‍സരത്തിന് ബഹിഷ്‌ക്കരണ ആഹ്വാനം; ഏഷ്യാ കപ്പ് ടിക്കറ്റുകള്‍ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ് 15 ലക്ഷം രൂപയ്ക്ക് കരിഞ്ചന്തയില്‍
ദുബായ്: 2025 ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മല്‍സരം ബഹിഷ്‌കരിക്കണമെന്ന് ഒരു വിഭാഗം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും, ടിക്കറ്റുകള്‍ക്കുള്ള ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം സെപ്റ്റംബര്‍ 14 ന് ദുബായില്‍ ഇന്ത്യ പാകിസ്താനെ നേരിടും.
15.75 ലക്ഷം രൂപ വരെ വിലയുള്ള ഇന്ത്യ-പാക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ ഇതിനകം കരിഞ്ചന്തയില്‍ ലഭ്യമാണ്. വാരാന്ത്യത്തില്‍ ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമെന്നും ന്യായമായ വിലയ്ക്ക് ലഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.''ടിക്കറ്റ് വില്‍പ്പന രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,'' ഏഷ്യാ കപ്പ് സംഘാടകരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്രോതസ്സിനെ ഉദ്ധരിച്ച് ഒരു വിദേശ മാധ്യമം റിപോര്‍ട്ട് ചെയ്തു. സംശയാസ്പദമായ വെബ്സൈറ്റുകളുടെ ഇരകളാകരുതെന്ന് ECB ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുബാന്‍ അഹമ്മദ് ആരാധകരെ ഉപദേശിച്ചു.
''ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും ഇസിബിയും സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കേണ്ടി വന്നു, വില്‍പ്പന ആരംഭിച്ചുകഴിഞ്ഞാല്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ ടിക്കറ്റ് വാങ്ങാവൂ എന്ന് ആരാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കി,'' അദ്ദേഹം പറഞ്ഞു.ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഏഷ്യാ കപ്പിനുള്ള ടിക്കറ്റുകള്‍ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. എന്നാല്‍ പല മൂന്നാം കക്ഷി വെബ്സൈറ്റുകളും ഇതിനകം തന്നെ അത്തരം ടിക്കറ്റുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
സെപ്റ്റംബര്‍ 21 ന് സൂപ്പര്‍ 4 ല്‍ ഇന്ത്യ വീണ്ടും പാകിസ്താനെ നേരിടാന്‍ സാധ്യതയുള്ളതിനാല്‍, വെബ്സൈറ്റ് ഇതിനകം ടിക്കറ്റുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 28 ന് നടക്കുന്ന ഏഷ്യാ കപ്പ് ഫൈനലിന് ഇരു ടീമുകളും യോഗ്യത നേടിയാല്‍ ഇന്ത്യ മൂന്നാം തവണയും പാകിസ്താനെ നേരിടേണ്ടി വന്നേക്കാം.
