സിഡ്നി: ട്വന്റി-20 ലോകകപ്പ് നാളെ തുടങ്ങാനിരിക്കെ മുന്‍ ചാംപ്യന്‍മാരായ ഓസ്ട്രേലിയക്ക് വീണ്ടും കനത്ത അടി. പാറ്റ് കമ്മിന്‍സിനു പിന്നാലെ ജോഷ് ഹെയ്സല്‍വുഡും ലോകകപ്പ് ടീമില്‍ നിന്നു പുറത്ത്. പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെയും പിന്‍മാറ്റം. ഇതോടെ രണ്ട് സുപ്രധാന പേസര്‍മാരുടെ സേവനം ഓസീസിനു നഷ്ടമാകും. ഹെയ്സല്‍വുഡിന്റെ പകരക്കാരനെ ഓസീസ് പ്രഖ്യാപിച്ചിട്ടില്ല.
ആദ്യ മല്‍സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെങ്കിലും ഫിറ്റ്നസ് വീണ്ടെടുത്ത് ഹെയ്സല്‍വുഡിന് ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ. അതിനാല്‍ തന്നെ താരത്തെ 15 അംഗ ടീമിലും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപോര്‍ട്ട് അനുസരിച്ച് താരത്തിനു ലോകകപ്പ് കളിക്കാന്‍ സാധിക്കില്ലെന്നു വ്യക്തമായെന്നു ക്രിക്കറ്റ് ഓസീസ് അറിയിച്ചു.
സൂപ്പര്‍ എട്ട് ഘട്ടമാകുമ്പോഴേക്കും ഹെയ്സല്‍വുഡിനു ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ അത്ര വേഗത്തില്‍ അദ്ദേഹത്തിനു തിരിച്ചെത്താന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ ഫിറ്റ്നസ് അതിവേഗം വീണ്ടെടുക്കാനുള്ള ശ്രമം കൂടുതല്‍ അപകടമാകുമെന്നു കണ്ടതിനാല്‍ ഹെയ്സല്‍വുഡിനെ ടീമില്‍ നിന്നു ഒഴിവാക്കാന്‍ തീരുമാനിച്ചു. പെട്ടെന്നു ഒരു താരത്തെ ഞങ്ങള്‍ പകരക്കാരനായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല- ദേശീയ ടീം സെലക്ടര്‍ ടോണി ഡോഡ്മെയ്ഡ് വ്യക്തമാക്കി.
ലോകകപ്പ് തുടങ്ങാനിരിക്കെ തിരിച്ചടികളുടെ ഘോഷയാത്ര തന്നെയാണ് ഓസീസിനു നേരിടേണ്ടി വരുന്നത്. പാറ്റ് കമ്മിന്‍സ് നേരത്തെ തന്നെ പരിക്കേറ്റ് കളിക്കില്ലെന്നു ഉറപ്പായിരുന്നു. പിന്നാലെ ഹെയ്സല്‍വുഡും പുറത്തായി. ലോകകപ്പിനു മുന്നോടിയായി നടന്ന ട്വന്റി-20 പരമ്പരയില്‍ പാകിസ്ഥാനോട് 3-0ത്തിന്റെ വൈറ്റ് വാഷ് തോല്‍വി നേരിട്ടാണ് അവര്‍ വന്നത്. നെതര്‍ലന്‍ഡ്സുമായി നടക്കേണ്ട സന്നാഹ മല്‍സരം മഴയെ തുടര്‍ന്നു അവര്‍ക്ക് കളിക്കാനും സാധിച്ചില്ല.
ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡ്, ഒമാന്‍, ശ്രീലങ്ക, സിംബാബ്വെ ടീമുകളുമായായാണ് ഓസ്ട്രേലിയ മല്‍സരിക്കുന്നത്. ഈ മാസം 11നു അയര്‍ലന്‍ഡുമായാണ് അവരുടെ ആദ്യ പോരാട്ടം. 13ന് സിംബാബ്വെ, 16ന് ശ്രീലങ്ക, 20നു ഒമാന്‍ ടീമുകളുമായും ഓസീസ് മല്‍സരിക്കും.
